പൂനെ സിറ്റിയിലെ പ്രതിസന്ധികൾ കൂടുതൽ വഷളാകുന്നു. ഇയാൻ ഹ്യൂമിന് പിന്നാലെ മലയാളി താരം ആഷിഖ് കുരുണിയനും ശമ്പളം ലഭിക്കാത്തതിനാൽ എ ഐ എഫ് എഫിനെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള പൂനെ സിറ്റി താരങ്ങൾക്കോ സ്റ്റാഫുകൾക്കോ ശമ്പളം നൽകുന്നില്ല എന്നത് നേരത്തെ തന്നെ വിവാദമായിരുന്നു.
ജൂൺ 10നേക്ക് എല്ലാ പ്രശ്നവും പരിഹരിക്കും എന്നാണ് ക്ലബ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അത് നടക്കില്ല എന്ന് ഉറപ്പായതോടെ വിദേശ താരം ഇയാൻ ഹ്യൂം ഫുട്ബോൾ അസോസിയേഷന്റെ സഹായം തേടിയിരുന്നു. ഹ്യൂമിന്റെ ശമ്പളം രണ്ടു തവണകളായി ഈ മാസം തന്നെ നൽകാൻ തീരുമാനമാവുകയും ചെയ്തു. ഇതുപോലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഷിഖും ഇപ്പോൾ എ ഐ എഫ് എഫിനെ സമീപിച്ചിരിക്കുന്നത്.
പൂനെ സിറ്റിയുടെ പ്രധാന താരമായ ആഷിഖ് അവസാന സീസണിൽ സ്ഥിരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി ആഷിഖിനെ അടക്കമുള്ളവരെ ക്ലബിൽ നിന്ന് അകറ്റുന്നുമുണ്ട്.