മുൻ പ്രീമിയർ ലീഗ് താരമായ അസമോഹ ഗ്യാനെ ടീമിലെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്രീമിയർ ലീഗിലും യു.എ.യിലും മികച്ച അനുഭവസമ്പത്തുള്ള താരമായ ഗ്യാൻ നോർത്ത് ഈസ്റ്റിന് മികച്ചൊരു മുതൽകൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. 2006ലെയും 2010ലെയും 2014ലെയും ലോകകപ്പിൽ ഘാനക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ലോകകപ്പിൽ ആറ് ഗോളുകളും താരം നേടിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ സണ്ടർലൻഡിന് വേണ്ടി 36 മത്സരങ്ങൾ കളിച്ച ഗ്യാൻ 11 ഗോളുകളും നേടിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ക്ലബായ അൽ ഐൻ എഫ്.സിയുടെ മിന്നും താരമായിരുന്നു ഗ്യാൻ അവർക്ക് വേണ്ടി 66 മത്സരങ്ങളിൽ നിന്ന് 60 ഗോളുകളും താരം നേടിയിട്ടുണ്ട്. മറ്റൊരു യു.എ.ഇ ക്ലബായ അൽ അഹ്‌ലിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഫോർവേഡ് ഓഗ്‌ബെച്ചേക്ക് പകരക്കാരനായാണ് ഗ്യാൻ നോർത്ത് ഈസ്റ്റിൽ എത്തുന്നത്.
അവസാനമായി തുർക്കി ക്ലബായ ക്യസേർറിസ്‌പോർ ക്ലബ്ബിന്റെ താരമായ ഗ്യാൻ ഘാനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച റെക്കോർഡ് ഉള്ള താരമാണ്. ഗ്യാന്റെ കരിയറിലെ 11മത്തെ ക്ലബവും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്രീമിയർ ലീഗിനും യു.എ.യിലെ ലീഗിനും പുറമെ ഗ്യാൻ സീരി എയിലും ചൈനീസ് ലീഗിലും കളിച്ചിട്ടുണ്ട്.