മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ജേഡൺ സാഞ്ചോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ എ.എസ്. റോമ ഔദ്യോഗിക ബിഡ് സമർപ്പിച്ചു. 20 മില്യൺ പൗണ്ട് നൽകി താരത്തെ സ്ഥിരമായി ടീമിലെത്തിക്കാനാണ് റോമയുടെ ശ്രമം. അതല്ലെങ്കിൽ, ഒരു സീസൺ ലോൺ അടിസ്ഥാനത്തിൽ വാങ്ങാനും അവർക്ക് താൽപര്യമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിൽ നിന്ന് പുറത്തായ സാഞ്ചോയെ ടീമിൽ നിന്ന് ഒഴിവാക്കാൻ യുണൈറ്റഡ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ, മാഞ്ചസ്റ്റർ യുണൈറ്റഡും സാഞ്ചോയുടെ പ്രതിനിധികളും തമ്മിൽ ചർച്ചകൾ സജീവമാണ്.
പുതിയ മാനേജർ ജിയാൻ പിയറോ ഗാസ്പെരിനിയുടെ കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള റൊമയുടെ നീക്കത്തിന്റെ ഭാഗമാണിത്. സാഞ്ചോയുടെ ഉയർന്ന പ്രതിവാര വേതനം കാരണം മറ്റു ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ റൊമ ഒരു സ്ഥിരം കൈമാറ്റത്തിനോ, ലോൺ അടിസ്ഥാനത്തിലോ താരത്തെ ടീമിലെത്തിക്കാൻ തയ്യാറാണ്. അടുത്ത സീസണിൽ താരത്തിന്റെ കരാർ അവസാനിക്കുന്നതിനാൽ സ്ഥിരം കൈമാറ്റത്തിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻഗണന നൽകുന്നത്. പക്ഷെ, ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷനും യുണൈറ്റഡിനുണ്ട്. ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ ഒന്നിന് അവസാനിക്കുന്നതിനാൽ, ഒരു സ്ഥിരം കൈമാറ്റം സാധ്യമല്ലെങ്കിൽ വേതന ബിൽ കുറയ്ക്കാൻ താരത്തെ ലോണിൽ വിടാൻ യുണൈറ്റഡ് നിർബന്ധിതരായേക്കാം.