യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ലീഗ് മത്സരവും ജയിച്ചു ആഴ്‌സണൽ. ചെക് ടീം സ്ലാവിയ പ്രാഹയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ ഗോൾ വഴങ്ങാത്ത ആഴ്‌സണൽ നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതും ആണ്. ആഴ്‌സണലിനെ ശാരീരികമായി നേരിട്ട പ്രാഹക്ക് പക്ഷെ ആഴ്‌സണലിനെ തടയാൻ ആയില്ല. നിരന്തരമായ ആക്രമണത്തിന് ശേഷം സാകയുടെ കോർണറിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി നൽകി. 32 മത്തെ മിനിറ്റിൽ ഇത് ലക്ഷ്യം കണ്ട ക്യാപ്റ്റൻ ബുകായോ സാക ആഴ്‌സണലിന് മുൻതൂക്കം നൽകി.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലു എവെ മത്സരങ്ങളിൽ ആഴ്‌സണലിന് ആയി ഗോൾ നേടുന്ന ആദ്യ താരമായി ഇതോടെ സാക. രണ്ടാം പകുതി തുടങ്ങി മുപ്പതാം സെക്കന്റിൽ തന്നെ ആഴ്‌സണൽ രണ്ടാം ഗോൾ നേടി. ട്രൊസാർഡിന്റെ പാസിൽ നിന്നു പരിക്കേറ്റ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിന് പകരം മുന്നേറ്റത്തിൽ ഇറങ്ങിയ മിഖേൽ മെറീനോ മികച്ച ഫിനിഷിലൂടെ ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. 68 മത്തെ മിനിറ്റിൽ റൈസിന്റെ പാസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയ മെറീനോ ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ 15 കാരനായ ആഴ്‌സണൽ താരം മാക്‌സ് ഡൗമാൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സൃഷ്ടിച്ചു. അതേസമയം മറ്റൊരു മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫർട്ടിനു എതിരെ ഗോൾ രഹിത സമനില വഴങ്ങി.














