യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു ആഴ്‌സണൽ. ഇന്ന് സ്വന്തം മൈതാനത്ത് ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്ബർഗിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച ആഴ്‌സണൽ നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ 16 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ആണ്. ഇതോടെ ഗ്രൂപ്പിലെ ആദ്യ എട്ടിലെ സ്ഥാനം ആഴ്‌സണൽ ഏതാണ്ട് ഉറപ്പിച്ചു. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ അവർ മുന്നിൽ എത്തി. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസിൽ നിന്നു കായ് ഹാവർട്‌സ് നൽകിയ മികച്ച പാസിൽ നിന്നു മികച്ച വോളിയിലൂടെ ഡക്ലൻ റൈസ് ആണ് ആഴ്‌സണലിന് മുൻതൂക്കം നൽകിയത്.
ഇംഗ്ലീഷ് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്ന് ആദ്യ പകുതിയിൽ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ ഇഞ്ചുകൾ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്. തുടർന്നു രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കായ് ഹാവർട്‌സ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. തുടർന്ന് ന്വനേരിയുടെ മികച്ച ക്രോസിൽ നിന്നു റൈസിനു ഹെഡറിലൂടെ ലഭിച്ച മികച്ച അവസരം താരത്തിന് മുതലാക്കാൻ ആയില്ല. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ട്രോസാർസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.