യുവ താരങ്ങളുടെ മികവിൽ ആഴ്‌സണൽ ലീഗ് കപ്പിൽ മുന്നോട്ട്

Wasim Akram

പ്രമുഖ താരങ്ങൾക്ക് വിശ്രമം ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ ലീഗ് വൺ ക്ലബ് ബോൾട്ടൻ വാൻഡേഴ്‌സിനെ നേരിടാൻ ഇറങ്ങിയ ആഴ്‌സണലിന് തകർപ്പൻ ജയം. ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. ഗോളിൽ 16 കാരനായ ജാക്ക് പോർട്ടർക്ക് അവസരം നൽകിയ ആർട്ടെറ്റ അക്കാദമി താരങ്ങൾ നിറഞ്ഞ ടീമിനെ ആണ് കളത്തിൽ ഇറക്കിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ തന്നെ ബോൾട്ടന്റെ പിഴവിൽ നിന്നു ഡക്ലൻ റൈസ് നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിൽ എത്തി. 37 മത്തെ മിനിറ്റിൽ ലൂയിസ് സ്‌കെല്ലിയുടെ മികച്ച പാസിന് ശേഷം റഹീം സ്റ്റെർലിങ് നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഏഥൻ ന്വാനെരി ആഴ്‌സണൽ മുൻതൂക്കം ഇരട്ടിയാക്കി. ക്ലബിന് ആയുള്ള തന്റെ ആദ്യ മുഴുവൻ സമയ അരങ്ങേറ്റത്തിൽ 17 കാരന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

ആഴ്‌സണൽ

ഭാവി സൂപ്പർ താരം എന്നറിയപ്പെടുന്ന ഏഥൻ ന്വാനെരി 49 മിനിറ്റിലും വല കുലുക്കി. ഇത്തവണ ബോൾട്ടന്റെ പാസ് പിടിച്ചെടുത്ത റൈസ് നൽകിയ പാസിൽ നിന്നാണ് യുവതാരം ഗോൾ നേടിയത്. ഇതിനു ശേഷം കൗണ്ടർ അറ്റാക്കിൽ നിന്നു 53 മത്തെ മിനിറ്റിൽ ആരോൺ കോളിൻസ് ബോൾട്ടനു ആയി ആശ്വാസ ഗോൾ നേടി. 64 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ മികച്ച നീക്കത്തിനും ഷോട്ടിനും ഒടുവിൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ സ്റ്റെർലിങ് തന്റെ ആദ്യ ആഴ്‌സണൽ മുഴുവൻ സമയ അരങ്ങേറ്റവും ഗംഭീരമാക്കി. 77 മത്തെ മിനിറ്റിൽ സ്റ്റെർലിങിന്റെ ഷോട്ടിൽ നിന്നു ലഭിച്ച റീബോണ്ട് ഗോൾ ആക്കി മാറ്റിയ പകരക്കാരനായി ഇറങ്ങിയ കായ് ഹാവർട്‌സ് ആണ് ആഴ്‌സണൽ ജയം പൂർത്തിയാക്കിയത്. 4 ആഴ്‌സണൽ അക്കാദമി താരങ്ങൾക്ക് ആണ് ആർട്ടെറ്റ ഇന്ന് ആഴ്‌സണൽ അരങ്ങേറ്റം നൽകിയത്.