എട്ടിൽ എട്ടും ജയിച്ചു ആഴ്‌സണൽ! ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ആദ്യ എട്ടിൽ അഞ്ച് ടീമുകളും ഇംഗ്ലണ്ടിൽ നിന്നു

Wasim Akram

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബുകളുടെ ആധിപത്യം. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും ജയിച്ച ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ആദ്യ എട്ടിൽ എത്തി നേരിട്ട് പ്രീ ക്വാർട്ടറിൽ യോഗ്യത നേടിയത് 5 ഇംഗ്ലീഷ് ക്ലബുകൾ ആണ്. അവസാന സ്ഥാനക്കാർ ആയ കയ്റാറ്റിനെ കഴിഞ്ഞ പ്രീമിയർ മത്സരത്തിൽ നിന്നു 11 മാറ്റങ്ങളും ആയി എത്തിയ ആഴ്‌സണൽ 3-2 നു ആണ് തോൽപ്പിച്ചത്. ദീർഘകാല പരിക്കിൽ നിന്നു മോചിതനായി വന്ന കായ് ഹാവർട്സിന്റെ മികവ് ആണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ച ആഴ്‌സണലിന് ആയി ഹാവർട്സ്, ഗ്യോകെറസ്, മാർട്ടിനെല്ലി എന്നിവർ ആണ് ഗോളുകൾ നേടിയത്. തന്റെ ഗോളിന് പിറകെ ഗ്യോകെറസിന്റെ ഗോളിന് അസിസ്റ്റ്‌ നൽകിയ ഹാവർട്സ് തന്നെയാണ് മാർട്ടിനെല്ലി ഗോൾ സൃഷ്ടിച്ചതും. തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മൂന്ന് ഗോളുകൾ നേടാനും ആഴ്‌സണലിന് ആയി. 24 പോയിന്റുകൾ നേടിയ ആഴ്‌സണൽ തന്നെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും ആയ ടീം. ജമാൽ മുസിയാല, ഹാരി കെയിൻ എന്നിവരുടെ ഗോളിൽ 2-1 നു പി.എസ്.വിയെ തോൽപ്പിച്ച ബയേൺ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമത് എത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ 21 പോയിന്റുകൾ നേടിയ ബയേണിനു പിറകെ മൂന്നാം സ്ഥാനത്ത് 18 പോയിന്റുകളും ആയി എത്തിയ ലിവർപൂൾ വമ്പൻ ജയമാണ് ഖരബാഗിന് എതിരെ ഇന്ന് കുറിച്ചത്. അലക്സിസ് മക്അലിസ്റ്റർ ഇരട്ടഗോൾ നേടിയ മത്സരത്തിൽ സലാഹ്, വിർട്സ്, എകിറ്റികെ, കിയെസ എന്നിവർ കൂടി ഗോൾ നേടിയതോടെ എതിരില്ലാത്ത 6 ഗോളിന് ആണ് ലിവർപൂൾ ജയിച്ചത്. ഫ്രാങ്ക്ഫർട്ടിനെ കോലോ മുആനിയുടെയും സൊളാങ്കെയുടെയും ഗോളിൽ എതിരില്ലാത്ത 2 ഗോളിന് ജയിച്ച ടോട്ടനം ആണ് ഗ്രൂപ്പ് ഘട്ടത്തിൽ 17 പോയിന്റ് നേടി നാലാമത് എത്തിയത്. 5 മുതൽ 8 വരെയുള്ള ടീമുകൾക്ക് 16 പോയിന്റുകൾ ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ ബാഴ്‌സലോണ അഞ്ചാമത് എത്തി. ഇന്ന് എഫ്.സി കോപ്പൻഹാഗനു മേൽ നേടിയ 4-1 ന്റെ ജയമാണ് ബാഴ്‌സക്ക് തുണയായത്. യമാൽ, ലെവൻഡോവ്സ്കി, റഫീനിയ, റാഷ്ഫോർഡ് എന്നിവരുടെ ഗോളുകൾ ആണ് ബാഴ്‌സക്ക് ജയം സമ്മാനിച്ചത്. നാപോളിയെ 3-2 നു തോൽപ്പിച്ച ചെൽസി ആറാം സ്ഥാനത്ത് എത്തി. ആദ്യ പകുതിയിൽ 2-1 നു പിറകിൽ ആയ ചെൽസിക്ക് പാൽമറിന്റെ അസിസ്റ്റിൽ നിന്നു ജാവോ പെഡ്രോ നേടിയ ഇരട്ടഗോളുകൾ ആണ് നിർണായക ജയം സമ്മാനിച്ചത്. ഏഴാം സ്ഥാനം സ്പോർട്ടിങ് ലിസ്ബൺ നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് എട്ടാം സ്ഥാനത്ത് എത്തിയത്. അത്‌ലറ്റിക് ബിൽബാവോക്ക് എതിരെ 2-1 നു പിറകിൽ ആയ സ്പോർട്ടിങ് 62 മത്തെ മിനിറ്റിൽ ട്രിങ്കാവോയുടെയും ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ആലിസൻ സാന്റോസിന്റെയും ഗോളിൽ ആണ് ജയം കണ്ടത്. ഇന്ന് നിർണായക മത്സരത്തിൽ തുർക്കി ക്ലബ് ഗാലയെ ഹാളണ്ട്, ചെർകി എന്നിവരുടെ ഗോളിന് 2-0 നു ആണ് സിറ്റി മറികടന്നത്. ജെറമി ഡോകു ആണ് ഇരു ഗോളിനും വഴി ഒരുക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 9 മുതൽ 24 വരെയുള്ള ടീമുകളിൽ പ്ലെ ഓഫ് ജയിച്ചു വരുന്ന ടീമുകളെ ആണ് ആദ്യ എട്ടിൽ ഉള്ളവർ അവസാന പതിനാറിൽ നേരിടുക.