ഇംഗ്ലീഷ് ലീഗ് കപ്പിൽ നിന്നു ആഴ്‌സണൽ പുറത്ത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ലോകകപ്പിന് മുമ്പ് സ്വന്തം മൈതാനത്ത് തങ്ങളുടെ അവസാന മത്സരത്തിനു ഇറങ്ങിയ ആഴ്‌സണൽ 3-1 നു ബ്രൈറ്റണിനോട് പരാജയപ്പെടുക ആയിരുന്നു. ആഴ്‌സണലിന് ആയി യുവ ഗോൾ കീപ്പർ കാൾ ഹെയിൻ അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിലെ ആധിപത്യം പക്ഷെ ഗോൾ ആക്കി മാറ്റാൻ ആഴ്‌സണൽ പലപ്പോഴും പരാജയപ്പെട്ടു. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ റീസ് നെൽസന്റെ പാസിൽ നിന്നു എഡി എങ്കിതിയ ആണ് മികച്ച ഷോട്ടിലൂടെ ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചത്.
എന്നാൽ 7 മിനിറ്റിനുള്ളിൽ വെൽബെക്കിനെ ഫൗൾ ചെയ്ത ഹെയിൻ പെനാൽട്ടി വഴങ്ങി. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മുൻ ആഴ്‌സണൽ താരമായ ഡാനി വെൽബെക്ക് ബ്രൈറ്റണിനു സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ ജെറമി സാർമിയെന്റോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ മിറ്റോമ ബ്രൈറ്റണിനു മുൻതൂക്കം സമ്മാനിച്ചു. 71 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ ബില്ലി ഗിൽമോറിന്റെ പാസിൽ നിന്നു ഗോൾ നേടിയ തരീഖ് ലാമ്പ്‌റ്റി ബ്രൈറ്റൺ ജയം പൂർത്തിയാക്കി. ഗോളിന് മുന്നിൽ യുവ ഗോൾ കീപ്പർ ഹെയിനിന് മറക്കാൻ പറ്റുന്ന ദിനം ആയിരുന്നു ഇത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ പരാജയം ആയിരുന്നു ആഴ്സണലിന് ഇത്.