ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്‌സണലിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ലിവർപൂൾ. മത്സരത്തിൽ നന്നായി തുടങ്ങിയ ആഴ്‌സണലിന് മുമ്പിൽ ലിവർപൂൾ വിയർക്കുന്നത് ആണ് ആദ്യം കാണാൻ ആയത്. സാകയും ട്രൊസാർഡും വിങിൽ അപകടം വിതച്ചപ്പോൾ ലിവർപൂൾ പതറി. എന്നാൽ ഇത് ഒന്നും ഗോൾ ആക്കി മാറ്റാനോ ആലിസനെ ശക്തമായി പരീക്ഷിക്കാനോ ആഴ്‌സണലിന് ആയില്ല. ഇടക്ക് ആഴ്‌സണൽ പ്രതിരോധത്തിലെ ആശയാകുഴപ്പത്തിൽ നിന്നു ലഭിച്ച അവസരത്തിൽ ബ്രാഡ്ലി തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആണ് ലിവർപൂളിന് പറയാൻ പറ്റിയ അവസരം. പ്രതിരോധം ശക്തമാക്കിയ ലിവർപൂൾ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ ബോളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുത്ത ലിവർപൂൾ ആഴ്‌സണലിന് വലിയ അവസരം ഒന്നും നൽകിയില്ല. എന്നാൽ ആഴ്‌സണൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാനും അവർക്ക് ആയില്ല. 2010 നു ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിലേക്ക് അടിക്കാൻ പരാജയപ്പെടുന്നത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വന്ന ആർട്ടെറ്റയുടെ ശ്രമം അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും മാർട്ടിനെല്ലിയുടെയും ജീസുസിന്റെയും ഷോട്ടുകൾ ആലിസൺ എളുപ്പത്തിൽ തടഞ്ഞു. അവസാന നിമിഷം കോർണറിൽ നിന്നു ലഭിച്ച ഗബ്രിയേൽ ഹെഡർ പുറത്ത് പോയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ആഴ്‌സണലിന്റെ ഇൻകാപിയെയും ലിവർപൂലിന്റെ ബ്രാഡ്ലിയും മത്സരത്തിൽ പരിക്കേറ്റു പുറത്ത് പോയി. കഴിഞ്ഞ 8 മത്സരങ്ങളിൽ പരാജയം അറിയാത്ത ആഴ്‌സണൽ 49 പോയിന്റുകൾ നേടി പ്രീമിയർ ലീഗിലെ മുൻതൂക്കം ഇന്ന് 6 പോയിന്റുകൾ ആയി വർധിപ്പിച്ചു, മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും ആണ് ആഴ്‌സണലിന് പിറകിൽ 43 പോയിന്റും ആയി ഉള്ളത്. അതേസമയം കഴിഞ്ഞ 10 കളികളിൽ പരാജയം അറിയാത്ത ലിവർപൂളിന് ലീഗിൽ ഇത് തുടർച്ചയായ മൂന്നാം സമനിലയാണ്. നിലവിൽ 35 പോയിന്റുകളും ആയി നാലാമത് ആണ് അവർ.









