അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ ഫ്ലോറിഡ കപ്പിൽ ചെൽസിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ആഴ്സണൽ. പ്രീ സീസണിൽ ഇരു ടീമുകളുടെയും അമേരിക്കയിലെ അവസാന മത്സരം ആയിരുന്നു ഇത്. സിഞ്ചെങ്കോ ആഴ്സണലിന് ആയി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ മികച്ച പ്രകടനം ആണ് ആർട്ടെറ്റയുടെ ടീമിൽ നിന്നു ഉണ്ടായത്. പ്രതിരോധത്തിൽ വില്യം സാലിബയും ഗബ്രിയേലും മികച്ചു നിന്നപ്പോൾ ഒഡഗാർഡിനും സാകക്കും ഒപ്പം ജീസുസ് ചെൽസി പ്രതിരോധത്തെ പരീക്ഷിച്ചു. മത്സരത്തിൽ 15 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ആഴ്സണലിന് ആയി ജീസുസ് ഗോൾ നേടി. ഷാക്കയുടെ മികച്ച പാസിൽ നിന്നു ഉഗ്രൻ ചിപ്പിലൂടെ താരം ഗോൾ കണ്ടത്തി.
36 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയും ആയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം മാർട്ടിനെല്ലിയുടെ പാസിൽ നിന്നു ഒഡഗാർഡ് ആഴ്സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. മികച്ച ടീം ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ കൊലിബാലി അടക്കമുള്ളവർ ചെൽസിക്ക് ആയി കളത്തിൽ ഇറങ്ങി. ഇടക്ക് ചെൽസി മത്സരത്തിൽ ആധിപത്യവും കണ്ടത്തി. എന്നാൽ 66 മത്തെ മിനിറ്റിൽ ഷാക്കയുടെ ഷോട്ട് മെന്റി തടുത്തു എങ്കിലും റീ ബോണ്ടിൽ ബുകയോ സാക ആഴ്സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. മത്സരത്തിന്റെ അവസാന ഷോട്ടിൽ പകരക്കാരനായി ഇറങ്ങിയ സെഡ്രകിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ സാമ്പി ലൊകോങ്കോ ആഴ്സണലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ആദ്യ പകുതിയിൽ മൗണ്ടിന്റെ ഷോട്ടിൽ പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് അല്ലാതെ വലിയ ഗോൾ ശ്രമങ്ങൾ ഒന്നും ചെൽസിയിൽ നിന്നു ഉണ്ടായില്ല. പ്രീ സീസണിലെ മികവ് സീസൺ തുടങ്ങിയാലും തുടരാൻ ആവും ആഴ്സണൽ ശ്രമം.