ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ഡച്ച് ചാമ്പ്യന്മാർ ആയ പി.എസ്.വിയെ 7-1 നു തകർത്തു ആഴ്‌സണൽ. കഴിഞ്ഞ 4 കളികളിൽ വെറും ഒരു ഗോൾ മാത്രം അടിക്കാൻ ആയ ആഴ്‌സണലിന് പക്ഷെ ഇന്ന് ഗോളിന് മുമ്പിൽ പതറിയില്ല. നന്നായി തുടങ്ങിയത് ആഴ്‌സണൽ ആണെങ്കിലും പി.എസ്.വിയുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് ആശ്വാസമായി. തുടർന്ന് 18 മത്തെ മിനിറ്റിൽ ഡക്ലൻ റൈസിന്റെ ഉഗ്രൻ ഇടതുകാലൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറിയൻ ടിംമ്പർ ആണ് ആഴ്‌സണലിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 3 മിനുറ്റിനുള്ളിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ 18 കാരൻ മൈൽസ് ലൂയിസ് സ്‌കെല്ലിയുടെ പാസിൽ നിന്നു 17 കാരൻ ഏഥൻ ന്വനേരി ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ രണ്ടാം ഗോൾ ആയിരുന്നു ഇത്.
31 മത്തെ മിനിറ്റിൽ പി.എസ്.വിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മിഖേൽ മെറീനോ ആഴ്‌സണലിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിന് പിന്നാലെ മഞ്ഞ കാർഡ് മേടിച്ച സ്‌കെല്ലിയെ ആർട്ടെറ്റ പിൻവലിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പാർട്ടി വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട നോഹ ലാങ് പി.എസ്.വിക്ക് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ ആഴ്‌സണലിന്റെ അവിശ്വസനീയ പ്രകടനം ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ന്വനേരിയുടെ ക്രോസിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന്റെ നാലാം ഗോളും കണ്ടെത്തി. അടുത്ത മിനിറ്റിൽ മികച്ച കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം കാലഫിയോരിയുടെ പാസിൽ നിന്നു അതിസുന്ദരമായ ഗോളിലൂടെ ട്രൊസാർഡ് ഇംഗ്ലീഷ് ക്ലബിന് അഞ്ചാം ഗോളും സമ്മാനിച്ചു.
തുടർന്നും ഗോളിന് ആയി ആക്രമണം തുടർന്നു ആഴ്‌സണൽ. മെറീനോയുടെ പാസിൽ നിന്നു 73 മത്തെ മിനിറ്റിൽ ഒഡഗാർഡ് അടിച്ച ഷോട്ട് തടുക്കാൻ പി.എസ്.വി ഗോൾ കീപ്പർക്ക് ആവാതിരുന്നതോടെ ആഴ്‌സണൽ ആറാം ഗോളും നേടി. തുടർന്ന് ഒഡഗാർഡ് നൽകിയ അതിസുന്ദരമായ അവിസ്മരണീയ ത്രൂ ബോളിൽ നിന്നു മുന്നേറ്റനിരക്കാരനെ ഓർമ്മിപ്പിച്ചു 85 മത്തെ മിനിറ്റിൽ ഇടത് ബാക്ക് റിക്കാർഡോ കാലഫിയോരി ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്ക് ഔട്ട് ഘട്ടത്തിൽ എതിരാളികളുടെ മൈതാനത്ത് 7 ഗോളുകൾ നേടുന്ന ആദ്യ ടീമായി ഇന്ന് ആഴ്‌സണൽ മാറി. രണ്ടാം പാദത്തിൽ ചടങ്ങു തീർക്കുന്ന ആവശ്യമേ നിലവിൽ ആഴ്‌സണലിന് ഉള്ളു. പരിക്ക് കാരണം മിക്ക പ്രമുഖ താരങ്ങളും ഇല്ലാതെ ഇത്തരം ഒരു ജയം ആർട്ടെറ്റക്ക് മികച്ച ആത്മവിശ്വാസം ആവും നൽകുക.