ലീഗ് കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ 3-2ന്റെ ജയവുമായി ആഴ്‌സണൽ. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, ഗ്യോകെറസ്, സുബിമെന്റി എന്നിവരാണ് ആഴ്‌സണലിന് വേണ്ടി ഗോളുകൾ നേടിയത്. ചെൽസിക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഗർനാച്ചോയാണ് രണ്ട് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ഏഴാം മിനുറ്റിൽ കോർണറിൽ നിന്ന് ബെൻ വൈറ്റിലൂടെ ആഴ്‌സണൽ തങ്ങളുടെ അക്കൗണ്ട് തുറന്നു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവിൽ നിന്ന് ഗ്യോകെറസ് ആഴ്സണലിന്റെ രണ്ടാമത്തെ ഗോളും നേടി.
തുടർന്ന് പകരക്കാരനായി ഇറങ്ങിയ ഗർനാച്ചോ 57ആം മിനുറ്റിൽ ഒരു ഗോൾ മടക്കി ചെൽസിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ അധികം താമസിയാതെ തന്നെ മികച്ചൊരു ഗോളിലൂടെ സുബിമെന്റി ആഴ്സണലിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. എന്നാൽ മത്സരത്തിന്റെ 83ആം മിനുറ്റിൽ ഗർനാച്ചോ തന്റെ രണ്ടാമത്തെ ഗോളും നേടി മത്സരം 3-2ൽ എത്തിച്ചു.
തുടർന്ന് മത്സരത്തിന്റെ അവസാന മിനുറ്റിൽ റഫറി ആഴ്‌സണലിന് അനുകൂലമായി പെനാൽറ്റി വിധിച്ചെങ്കിലും ഓഫ് സൈഡ് ആയത് ചെൽസിയുടെ രക്ഷക്കെത്തി. ലീഗ് കപ്പിലെ രണ്ടാം പാദ സെമി ഫൈനൽ മത്സരം ഫെബ്രുവരി 4ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.









