പരാജയം അറിയാതെയുള്ള ബയേണിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് ആഴ്‌സണൽ

Wasim Akram

Picsart 25 11 27 04 03 38 525
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. സീസണിൽ 18 കളികളിൽ പരാജയം അറിയാതെയെത്തിയ ബയേണിനെ സ്വന്തം മൈതാനത്ത് ആധികാരിക പ്രകടനം നടത്തിയാണ് ആഴ്‌സണൽ മറികടന്നത്. പ്രതിരോധത്തിൽ മൊസ്ക്വേര, മൈൽസ് ലൂയിസ് സ്‌കെല്ലി എന്നീ മാറ്റങ്ങളും ആയാണ് ആഴ്‌സണൽ എത്തിയത്. സെറ്റ് പീസുകളിൽ ബയേണിന്റെ മോശം റെക്കോർഡ് മുതലാക്കിയ ആഴ്‌സണൽ 22 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. ബുകയോ സാകയുടെ ഒന്നാന്തരം കോർണറിൽ നിന്നു യൂറിയൻ ടിമ്പർ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ ബയേൺ മത്സരത്തിൽ തിരിച്ചെത്തി.

കിമ്മിചിന്റെ മികച്ച ലോങ് ബോളിൽ നിന്നു ഗനാബ്രിയുടെ പാസിൽ നിന്നു 17 കാരനായ ലെനാർട്ട് കാൾ ബയേണിനു സമനില നൽകി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. ബയേണിന്റെ കാലിൽ പന്ത് കൂടുതൽ സമയം ഉണ്ടായിരുന്നു എങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ ആയില്ല. ആദ്യ പകുതിയിൽ ട്രൊസാർഡ് പരിക്കേറ്റ് പോയത് ആണ് ആഴ്‌സണലിന് ഏറ്റ ഏക തിരിച്ചടി. രണ്ടാം പകുതിയിൽ ഏതാണ്ട് പൂർണമായും ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. 69 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ പകരക്കാരൻ നോനി മദുയെകയിലൂടെ മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ ആയിരുന്നു ഇംഗ്ലീഷ് താരത്തിന് ഇത്.

കളത്തിൽ ഇറങ്ങി തൊട്ടടുത്ത നിമിഷം തന്നെ മികച്ച ക്രോസിലൂടെ ഈ ഗോളിന് അവസരം ഉണ്ടാക്കിയത് റിക്കാർഡോ കാലഫിയോരി ആയിരുന്നു. 77 മത്തെ എസെ മറിച്ചു നൽകിയ പന്ത് കയറി വന്ന മാനുവൽ ന്യൂയറെ മറികടന്നു ഗോളാക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന നാലാം മത്സരത്തിൽ മാർട്ടിനെല്ലി നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്നും ആക്രമണം തുടർന്ന ആഴ്‌സണൽ കൂടുതൽ ഗോളുകൾ നേടാത്തത്‌ നിർഭാഗ്യം കൊണ്ടായിരുന്നു. മധ്യനിര അനായാസം ഭരിച്ച ഡക്ലൻ റൈസ് ആയിരുന്നു മത്സരത്തിലെ താരം. പരിക്കിൽ നിന്നു മോചിതനായി ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് കളത്തിൽ ഇറങ്ങുന്നതും ഇന്ന് കണ്ടു. നിലവിൽ 5 ഗ്രൂപ്പ് മത്സരവും ജയിച്ച ആഴ്‌സണൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്. ആദ്യ പരാജയം അറിഞ്ഞ ബയേൺ മൂന്നാം സ്ഥാനത്തും.