ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഐലീഗ് ക്ലബുകൾക്കെതിരെ എ ഐ എഫ് എഫ് അവസാന വർഷങ്ങളിലായി ചെയ്യുന്ന അനീതികൾ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന മിനേർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഐലീഗ് ക്ലബായ ഇന്ത്യൻ ആരോസിന്റെ താരങ്ങൾക്ക് ഒരു വർഷമായി ശമ്പളം ലഭിച്ചിട്ടില്ല എന്ന കാര്യം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മറ്റു ക്ലബുകളുടെ ഓഫറുകൾ ഉണ്ടായിട്ടും അവിടെ പോകാതെ ആരോസിനായി കളിക്കാൻ തയ്യാറായ യുവതാരങ്ങൾക്ക് ആണ് ഈ ഗതി. റിലയൻസ് എ ഐ എഫ് എഫിന് നൽകാനുള്ള പണം വൈകിപ്പിക്കുന്നതിനാലാണ് ആരോസ് താരങ്ങൾ ഈ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നത്. ആരോസിന് മാത്രമല്ല ഐ ലീഗ് ക്ലബുകൾക്ക് മൊത്തമായി നൽകാനുള്ള സബ്സിഡി തുകയായ 8 കോടിയോളം എ ഐ എഫ് എഫ് ഇപ്പോഴും നൽകിയിട്ടില്ല.
ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് അവർ കിരീടം നേടിയതിന്റെ സമ്മാനത്തുക വരെ ലഭിച്ചിട്ടില്ല. ഐ എസ് എല്ലിനെ ഒന്നാം ഡിവിഷനാക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് റിലയൻസ് നൽകാനുള്ള തുകകൾ വൈകിപ്പിക്കുന്നത്.