ഗോളുമായി മെസ്സിയും ആൽവാരസും, അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

Wasim Akram

കോപ്പ അമേരിക്ക സെമിഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു നിലവിലെ ചാമ്പ്യന്മാർ ആയ അർജന്റീന ഫൈനലിൽ. ക്യാപ്റ്റൻ ലയണൽ മെസ്സിയും മുന്നേറ്റനിര താരം ജൂലിയൻ ആൽവാരസും ആണ് അർജന്റീനക്ക് ആയി ഗോളുകൾ നേടിയത്. നന്നായി കളിച്ച കാനഡക്ക് പക്ഷെ തുടക്കത്തിൽ എമി മാർട്ടസിനെ പരീക്ഷിക്കാൻ ആയില്ല. തുടർന്ന് 22 മത്തെ മിനിറ്റിൽ ഡി പോളിന്റെ മികച്ച പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ കനേഡിയൻ ഗോൾ കീപ്പറെ മറികടന്ന ആൽവാരസ് ആണ് അർജന്റീനക്ക് മത്സരത്തിൽ മുൻതൂക്കം നേടി നൽകിയത്. ലൗടാരോ മാർട്ടിനസിനെ ബെഞ്ചിൽ ഇരുത്തി തന്നെ കളിപ്പിച്ചതിനു സ്‌കലോണിക്ക് ഗോളിലൂടെ തന്നെ ആൽവരസ് നന്ദി അറിയിച്ചു.

അർജന്റീന

തുടർന്നും അവസരങ്ങൾ സൃഷ്ടിച്ച അർജന്റീനക്ക് പക്ഷെ ആദ്യ പകുതിയിൽ തുടർന്ന് ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ഉതിർത്ത ഷോട്ട് ഗോളിലേക്ക് തിരിച്ചു വിട്ട ലയണൽ മെസ്സി അർജന്റീന ജയം പൂർത്തിയാക്കുക ആയിരുന്നു. ടൂർണമെന്റിലെ മെസ്സിയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ഗോളിനായി അധ്വാനിച്ചു കളിക്കുന്ന കാനഡയെ ആണ് കാണാൻ ആയത്. പലപ്പോഴും അർജന്റീന പ്രതിരോധത്തിലെ മോശം പാസുകളും അവർക്ക് സഹായം ആയി. എന്നാൽ ഒരിക്കൽ ഒഴിച്ചാൽ എമി മാർട്ടിനസിനെ നന്നായി പരീക്ഷിക്കാൻ പോലും ജെസി മാർഷിന്റെ ടീമിന് ആയില്ല. ഫൈനലിൽ കൊളംബിയ, ഉറുഗ്വേ മത്സര വിജയിയെ ആണ് അർജന്റീന നേരിടുക.