ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ അവസാന നിമിഷം സമനിലയിൽ തളച്ചു ഇക്വഡോർ. ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ അർജന്റീനക്ക് തന്നെ ആയിരുന്നു മുൻതൂക്കം. 24 മത്തെ മിനിറ്റിൽ മെസ്സിയും മാക് അലിസ്റ്ററും നടത്തിയ നീക്കത്തിന് ഒടുവിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ജൂലിയൻ അൽവാരസ് ആണ് അർജന്റീനയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ അർജന്റീന തുറന്നു.
ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഇക്വഡോറിൽ നിന്നും ഉണ്ടായി. ഇടക്ക് മത്സരം പരുക്കൻ ആവുന്നതും കാണാൻ ആയി. ഒടുവിൽ അവസരങ്ങൾ മുതലാക്കാത്തതിനു അർജന്റീനക്ക് പിഴ നൽകേണ്ടി വന്നു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയഫോയുടെ ഹാന്റ് ബോളിന് വാർ ഇക്വഡോറിന് പെനാൽട്ടി അനുവദിച്ചു. വിവാദ സാഹചര്യത്തിൽ ലഭിച്ച പെനാൽട്ടി എടുത്ത ക്യാപ്റ്റൻ എന്നർ വലൻസിയയുടെ പെനാൽട്ടി അർജന്റീന ഗോൾ കീപ്പർ ജെറോമിനോ റൂളി തട്ടിയിട്ടു. എന്നാൽ റീ ബൗണ്ട് അവസരം വലൻസിയ ലക്ഷ്യം കണ്ടു ഇക്വഡോറിന് സമനില സമ്മാനിക്കുക ആയിരുന്നു. ഇത് തുടർച്ചയായ 31 മത്തെ മത്സരം ആണ് അർജന്റീന പരാജയം അറിയാതെ പൂർത്തിയാക്കുന്നത്. 1991-1993 നു ശേഷം പരാജയം അറിയാതെ അർജന്റീന ഇത്ര അധികം മത്സരങ്ങൾ പൂർത്തിയാക്കുന്നത് ഇത് ആദ്യമായാണ്.