” കോപ ജയിച്ചാലും തോറ്റാലും ലോകത്തിലെ മികച്ച താരം മെസ്സി തന്നെ! “

കോപ അമേരിക്ക ജയിച്ചാലും തോറ്റാലും ലോകത്തിലെ മികച്ച താരം മെസ്സി തന്നെയാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. കോപ അമേരിക്ക കിരീടം നേടി ഒന്നും തെളിയിക്കേണ്ട ആവശ്യം മെസ്സിക്കില്ല. ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരം മെസ്സി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിക്കാൻ തന്നെയാണ് അർജന്റീന കോപ അമേരിക്ക ഫൈനലിനായി ഇറങ്ങുന്നത് എന്നാലും മെസ്സിക്ക് ഈ കിരീടം കൊണ്ട് ഒന്നും തെളിയിക്കാനില്ലെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
ഫുട്ബോൾ ആരാധകർ പലപ്പോളും മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ സംവാദത്തിൽ ഉയർത്തിപ്പിടിക്കുന്ന കാര്യമാണ് അർജന്റീന സീനിയർ ടീമിനൊപ്പം മെസ്സി കിരീടം നേടിയിട്ടില്ല എന്ന കാര്യം. പോർച്ചുഗല്ലിനൊപ്പം യൂറോയും യുവേഫ നേഷൻസ് ലീഗും ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തിയിട്ടുണ്ട്. ലയണൽ മെസ്സി 2008ൽ ഒളിമ്പിക്സ് സ്വർണവും അണ്ടർ 20 ലോകകപ്പും ജയിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിനൊപ്പം കിരീടങ്ങൾ ഒന്നും ഉയർത്തിയിട്ടില്ല. അതു കൊണ്ട് തന്നെയാണ് കിരീടപ്പോരാട്ടത്തെ മറ്റൊരു രീതിയിൽ കാണുന്ന ഫുട്ബോൾ ആരാധകർക്ക് മറുപടിയുമായി അർജന്റീന പരിശീലകൻ രംഗത്തെത്തിയത്.