ഖത്തർ ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് ജയം. പനാമക്കെതിരായ സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായി സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങിയ അർജന്റീന രണ്ടാം പകുതിയിലെ ഗോളുകളിലാണ് ജയം ഉറപ്പിച്ചത്.
മത്സരത്തിൽ ഭൂരിഭാഗവും അർജന്റീനയാണ് പന്ത് കൈവശം വെച്ചതെങ്കിലും മികച്ച രീതിയിൽ പ്രതിരോധം തീർത്ത പനാമ 78മത്തെ മിനുറ്റ് വരെ അർജന്റീനയെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.
എന്നാൽ മത്സരത്തിന്റെ 78മത്തെ മിനുറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് അർജന്റീന ഗോൾ നേടുകയായിരുന്നു. മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾ പോസ്റ്റിൽ തട്ടി തെറിക്കുകയും റീബൗണ്ട് പന്ത് തിയാഗോ അൽമഡ ഗോളാക്കി മാറ്റുകയുമായിരുന്നു. അർജന്റീനക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.

തുടർന്ന അധികം താമസിയാതെ മറ്റൊരു ഫ്രീകിക്കിൽ നിന്ന് മെസ്സി അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മെസ്സി പനാമ ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോളാക്കി മാറ്റുകയായിരുന്നു.
ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനെ സ്വീകരിക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് ഇന്നത്തെ മത്സരത്തിന് സ്റ്റേഡിയത്തിൽ എത്തിയത്. മത്സര ശേഷം ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനുള്ള സ്വീകരണവും ഏർപ്പെടുത്തിയിരുന്നു.