സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വമ്പൻ ജയം. കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വിജയം എളുപ്പമായി. അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായും ഇന്നത്തെ മത്സരത്തോടെ മെസ്സി മാറി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ അർജന്റീന 3-0 മുൻപിലായിരുന്നു. അർജന്റീനയുടെ തോൽവിയറിയാത്ത 17മത്തെ മത്സരമായിരുന്നു ബൊളീവിയക്കെതിരായ മത്സരം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പപ്പു ഗോമസിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്. തുടർന്ന് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിപ്പിച്ച മെസ്സി അധികം താമസിയാതെ അഗ്വേറൊയുടെ പാസിൽ നിന്ന് മൂന്നാമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ സവേർദയിലൂടെ ഒരു ഗോൾ മടക്കി ബൊളീവിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ ലൗറ്റാറോ മാർട്ടിനസ് അർജന്റീനയുടെ നാലാമത്തെ ഗോളും നേടി ബൊളീവിയയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വ ഏകപക്ഷീയമായ ഒരു ഗോളിന് പാരഗ്വയെ പരാജയപ്പെടുത്തി. എഡിസൺ കവാനിയുടെ പെനാൽറ്റി ഗോളിലാണ് ഉറുഗ്വ വിജയം ഉറപ്പിച്ചത്. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച അർജന്റീന 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. 7 പോയിന്റുള്ള ഉറുഗ്വയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.