ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു അർജന്റീന. സമുദ്രനിരപ്പിൽ നിന്നു ഏതാണ്ട് 12,000 അടി ഉയരമുള്ള ലാപാസിൽ നടന്ന മത്സരത്തിൽ അർജന്റീന ശാരീരികമായ വെല്ലുവിളി അതിജീവിച്ച് ആണ് ജയം കണ്ടത്. 2005 നു ശേഷം 15 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇവിടെ അർജന്റീന ജയം കാണുന്നത്. ക്യാപ്റ്റൻ ലയണൽ മെസ്സിയും ആദ്യമായാണ് ഈ മൈതാനത്ത് ജയം കാണുന്നത്. പിറകിൽ നിന്ന ശേഷം പൊരുതിയാണ് അർജന്റീന ഈ ജയം കണ്ടത്തിയത്.
മത്സരത്തിലെ ആദ്യ പകുതിയിൽ 28 മത്തെ മിനിറ്റിൽ മാർസെലോ മൊറേനോയിലൂടെ ബൊളീവിയ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് ലൊട്ടാര മാർട്ടിനെസ് അർജന്റീനക്ക് സമനില ഗോൾ സമ്മാനിച്ചു. 2016 നു ശേഷം ഇതാദ്യമായാണ് ലയണൽ മെസ്സി അല്ലാതെ മറ്റൊരു അർജന്റീനൻ താരം ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗോൾ നേടുന്നത്. പന്ത് കൂടുതൽ സമയം കൈവശം വച്ചത് ബൊളീവിയ ആണെങ്കിലും കൂടുതൽ അവസരം തുറന്നത് അർജന്റീന ആയിരുന്നു. ഇതിന്റെ ഫലം ആയിരുന്നു 79 മത്തെ മിനിറ്റിൽ ജോക്വിൻ കൊറിയ നേടിയ വിജയഗോൾ. പകരക്കാരൻ ആയി ഇറങ്ങിയ കൊറിയ മാർട്ടിനെസിന്റെ പാസിൽ നിന്നാണ് ഗോൾ കണ്ടത്തിയത്. ലോകകപ്പ് യോഗ്യതയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിക്കാൻ ആയത് അർജന്റീനക്ക് വലിയ ആത്മവിശ്വാസം നൽകും എന്നുറപ്പാണ്.