അരീക്കോടിനും ഇനി ഒരു പ്രൊഫഷണൽ ക്ലബ്, പുതിയ ഭാവത്തിൽ എഫ് സി അരീക്കോട്!!

Newsroom

ഫുട്ബോൾ ലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള അരീക്കോടിന് ഇനി സ്വന്തമായി ഒരു പ്രൊഫഷണൽ ക്ലബ്. എഫ് സി അരീക്കോടാണ് പുതിയ ചുവടുമായി കേരള ഫുട്ബോളിൽ സജീവമാവാൻ ഒരുങ്ങുന്നത്. മുമ്പ് SAP അരീക്കോട് എന്ന് അറിയപ്പെട്ടിരുന്ന സോക്കർ അക്കാദമി പുത്തലം ആണ് പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്നത്. ക്ലബ് ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പുതിയ ലോഗോയും അവതരിപ്പിച്ചു. എഫ് സി അരീക്കോട് എന്നാകും ക്ലബ് ഇനി അറിയപ്പെടുക.

2016 മുതൽ പ്രവർത്തിക്കുന്ന ക്ലബാണ് സാപ് അരീക്കോട്. മികച്ച അക്കാദമിയുള്ള ക്ലബ് അക്കാദമി ടൂർണമെന്റുകളിലും അക്കാദമി ലീഗുകളിലും ഇതിനകം തന്നെ സജീവമാണ്. പ്രൊഫഷണൽ ക്ലബായി മാറിയ എഫ് സി അരീക്കോട് ഇനി കേരള പ്രീമിയർ ലീഗ് പോലുള്ള വലിയ ടൂർണമെന്റുകൾ ആകും ലക്ഷ്യമിടുന്നത്. മികച്ച ടീം ഒരുക്കുക ആകും ക്ലബിന്റെ ആദ്യ ലക്ഷ്യം. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് കേരള പ്രീമിയർ ലീഗിൽ കളിക്കാൻ ശ്രമിച്ചിരുന്നു. പുതിയ കെ പി എൽ സീസണിൽ അരീക്കോട് എഫ് സി എന്തായാലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഞ്ചു സുഹൃത്തുക്കളുടെ ഫുട്ബോളിനോടുള്ള സ്നേഹത്തിന്റെ ഫലമായാണ് സോക്കർ അക്കാദമി പുത്തലം അഞ്ചു വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്നത്. മലപ്പുറത്തെ ഏതു ചെറിയ ഗ്രാമത്തിലും കാണുന്നതു പോലെയുള്ള ഒരു കോച്ചിംഗ് ക്യാമ്പിൽ നിന്നാരംഭിച്ച് റെസിഡൻഷ്യൽ അക്കാദമി വരെ വളർന്ന SAP ഇനി എഫ് സി അരീക്കോട് എന്നാകുമ്പോൾ അത് ഒരു ഫുട്ബോൾ ക്ലബ് എങ്ങനെ വളരണം എന്ന മാതൃക കൂടിയാകും ഫുട്ബോൾ ലോകത്തിന് ലഭിക്കുന്നത്.