പ്രൊകബഡി ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്ന് തമിഴ്‍ തലൈവാസ് ആണ് ഡല്‍ഹിയുടെ പക്കല്‍ നേരിയ മാര്‍ജിനിലിലുള്ള തോല്‍വിയേറ്റ് വാങ്ങിയത്. ഇന്നലെ മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തെലുഗു ടൈറ്റന്‍സ് ആണ് ഒരു പോയിന്റ് മാര്‍ജിനില്‍ ഡല്‍ഹിയോട് പത്തി മടക്കിയത്. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി 30-29 എന്ന സ്കോറിനാണ് വിജയിച്ചത്. പകുതി സമയത്ത് 18-11ന് തമിഴ് തലൈവാസ് ആയിരുന്നു മുന്നില്‍.
രണ്ടാം പകുതിയില്‍ മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ട് മാത്രം അവശേഷിക്കെ 28-21ന് ലീഡ് തമിഴ് തലൈവാസിനായിരുന്നുവെങ്കിലും പിന്നീട് മത്സരത്തെ ആവേശം കൊള്ളിക്കുന്ന തിരിച്ചുവരവാണ് ഡല്‍ഹി നടത്തിയത്. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി മത്സരം അവസാന മൂന്ന് മിനുട്ടിലേക്ക് കടന്നപ്പോള്‍ ഇരു ടീമുകളും 29 വീതം പോയിന്റ് നേടുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ പോയിന്റ് ഇല്ലാത്ത റെയിഡുകള്‍ക്ക് ശേഷം മത്സരത്തിലെ അവസാന റെയിഡിന് ഇറങ്ങിയ, അതും ഡൂ ഓര്‍ ഡൈ റെയിഡ് ആയിരുന്നപ്പോള്‍ ഡല്‍ഹിയുടെ നവീന്‍ കുമാര്‍ മഞ്ജീത്ത് ചില്ലറെ പുറത്താക്കി ഡല്‍ഹിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. നാലാം മിനുട്ട് അവശേഷിക്കെ മൂന്ന് തമിഴ് തലൈവാസ് താരങ്ങളെ പുറത്താക്കി നവീന്‍ കുമാര്‍ തന്നെയാണ് ഡല്‍ഹിയുടെ തിരിച്ചുവരവിന്റെ ആദ്യ പടി ചവിട്ടിയത്.
ഡല്‍ഹിയ്ക്കായി നവീന്‍ കുമാര്‍ എട്ട് പോയിന്റും മെറാജ് ഷെയ്ഖ് 6 പോയിന്റും നേടിയപ്പോള്‍ തമിഴ് തലൈവാസ് നിരയില്‍ രാഹുല്‍ ചൗധരി ഏഴ് പോയിന്റ് നേടി. 5 വീതം പോയിന്റുമായി അജയ് താക്കൂറും മഞ്ജീത്ത് ചില്ലറും ടീമിനായി തിളങ്ങി.
റെയിഡിംഗില്‍ 13-12ന് ഡല്‍ഹി മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 11-9ന്റെ ലീഡ് തമിഴ് തലൈവാസിനായിരുന്നു. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ 6 അധിക പോയിന്റുകള്‍ നേടിയത് ഡല്‍ഹിയ്ക്ക് തുണയായി. തലൈവാസിന് ഈ മേഖലയില്‍ 4 പോയിന്റേ നേടാനായുള്ളു.