ആഞ്ചലോ മാത്യൂസിന്റെ മികവില്‍ 200 കടന്ന് ശ്രീലങ്ക, ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും മൂന്ന് വിക്കറ്റ്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

3/2 എന്ന നിലയിലേക്ക് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ടീമിനായി ബാറ്റിംഗ് മികവ് പുറത്ത് കാട്ടിയിട്ടുള്ള ദിമുത് കരുണാരത്നയെയും കുശല്‍ പെരേരയെയും നഷ്ടമായ ശ്രീലങ്ക വലിയൊരു ബാറ്റിംഗ് തകര്‍ച്ചയാവും നേരിടുക എന്നതാണ് പ്രതീക്ഷിച്ചതെങ്കിലും ശ്രീലങ്കന്‍ മധ്യനിരയുടെ ചെറുത്ത് നില്പ് ടീമിനെ 50 ഓവറില്‍ നിന്ന് 232/9 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. സീനിയര്‍ താരം ആഞ്ചലോ മാത്യൂസ് 85 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യം അവിഷ്ക ഫെര്‍ണാണ്ടോയുടെ കൗണ്ടര്‍ അറ്റാക്കിംഗിനു ശേഷം ആഞ്ചലോ മാത്യൂസും കുശല്‍ മെന്‍ഡിസും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്പിന്റെ ബലമായി 71 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയാണ് ശ്രീലങ്ക നാണക്കേടില്‍ നിന്ന് കരകയറിയത്. മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് ഫെര്‍ണാണ്ടോയും മെന്‍ഡിസും നേടിയപ്പോള്‍ അതില്‍ 49 റണ്‍സും ഫെര്‍ണാണ്ടോയുടെ സംഭാവനയായിരുന്നു.

കുശല്‍ മെന്‍ഡിസിനെയും(46) ജീവന്‍ മെന്‍ഡിസിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ആദില്‍ റഷീദ് ശ്രീലങ്കയുടെ തിരിച്ചുവരവിനെ തുരങ്കം വയ്ക്കുകയായിരുന്നു. 133/3 എന്ന നിലയില്‍ നിന്ന് 133/5 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും ധനന്‍ജയ ഡി സില്‍വയെ(29) കൂട്ടുപിടിച്ച് ആഞ്ചലോ മാത്യൂസ് മെല്ലെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു.

തന്റെ രണ്ടാം സ്പെല്ലിനെത്തിയ ജോഫ്രയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ധനന്‍ജയ ഡിസില്‍വയെ പുറത്താക്കിയ ജോഫ്ര തന്റെ അടുത്ത ഓവറില്‍ തിസാര പെരേരയെയും വീഴ്ത്തി. പിന്നീട് വിക്കറ്റുകളുമായി മാര്‍ക്ക് വുഡും രംഗത്തെത്തിയപ്പോള്‍ താരവും ജോഫ്രയ്ക്കൊപ്പം മൂന്ന് വിക്കറ്റ് മത്സരത്തില്‍ നിന്ന് നേടി.