മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി അടുത്ത ഒരു വർഷത്തേക്ക് ഫുട്‌ബോളിൽ നിന്ന് മാറി നിൽക്കും. അല്ലെഗ്രി തന്നെയാണ് ഇക്കാര്യം മിലാനിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ 16 വർഷത്തെ തിരക്കേറിയ ജീവിതത്തിന് ഒരു ഇടവേള അനിവാര്യമാണ് എന്നും, കുടുംബത്തോടൊപ്പം കഴിയാനും താൽപര്യം ഉണ്ടെന്നും ഇറ്റാലിയൻ പരിശീലകൻ വെളിപ്പെടുത്തി.
അല്ലെഗ്രി ഇടവേള എടുക്കും എന്നുറപ്പായതോടെ ചെൽസി പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം എത്തിയേക്കും എന്ന വാർത്തകൾക്കും അന്ത്യമായി. 2014 മുതൽ യുവന്റസിന് തുടർച്ചയായ 5 ലീഗ് കിരീടങ്ങൾ സമ്മാനിച്ചാണ് അല്ലെഗ്രി ട്യൂറിനിൽ പടി ഇറങ്ങിയത്. 2011 ൽ മിലാനും അദ്ദേഹം സീരി എ കിരീടം സമ്മാനിച്ചു. ലോകത്തെ മികച്ച പരിശീലകരിൽ ഒരാളായ അല്ലേഗ്രിയെ ലണ്ടനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ചെൽസി നടത്തുന്നതായി വിവിധ റിപ്പോർട്ടുകൾ വന്നിരുന്നു. അല്ലെഗ്രി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയതോടെ ചെൽസിക്ക് ഫ്രാങ്ക് ലംപാർഡിനെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും.