ആഷസില്‍ ഓസ്ട്രേലിയ കളിപ്പിക്കേണ്ട ബാറ്റ്സ്മാന്മാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കി അലന്‍ ബോര്‍ഡര്‍

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് 1ന് ആഷസ് പരമ്പര ആരംഭിക്കുമ്പോള്‍ ഓസ്ട്രേലിയ കൈക്കൊള്ളേണ്ട ബാറ്റിംഗ് തന്ത്രം എന്തെന്ന് പ്രഖ്യാപിച്ച് അലന്‍ ബോര്‍ഡര്‍. ടീം 6 സ്ഥിരം ബാറ്റ്സ്മാന്മാരെയാണ് ആഷസില്‍ കളിപ്പിക്കേണ്ടതെന്നാണ് ടീമിന്റെ മുന്‍ നായകന്‍ പറയുന്നത്. ഓള്‍റൗണ്ടര്‍ക്ക് പകരം ആറ് ബാറ്റ്സ്മാന്മാരുമായാണ് ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ നേരിടേണ്ടതെന്ന് മുന്‍ താരം വ്യക്തമാക്കി. 2001ന് ശേഷം ഇംഗ്ലണ്ടില്‍ വെച്ച് ആഷസ് പരമ്പര ഓസ്ട്രേലിയ വിജയിച്ചിട്ടില്ല.

ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയ്യന്‍ താരങ്ങളെയാണ് ഓസ്ടരേലിയന്‍ മുന്‍ നായകന്‍ തിരഞ്ഞെടുത്തത്. ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവരായിരിക്കണം ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് സ്ഥാനക്കാരെന്നും ബോര്‍ഡര്‍ വ്യക്തമാക്കി. മാത്യൂ വെയിഡിനെ അദ്ദേഹത്തിന്റെ മികച്ച ഫോം കാരണം പരിഗണിക്കേണ്ടതുണ്ടെന്നും ബോര്‍ഡര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ സാഹചര്യങ്ങളില്‍ ബൗളര്‍മാര്‍ക്ക് അമിത ഭാരം തോന്നില്ലെന്നും അതിനാല്‍ തന്നെ ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തി ബൗളിംഗ് ശക്തിപ്പെടുത്തേണ്ട ആവശ്യം ഓസ്ട്രേലിയയ്ക്ക് ഉണ്ടാകില്ലെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.