ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണായി തയ്യാറെടുക്കുന്ന ആലപ്പി റിപ്പിൽസ് ബ്രാൻഡ് അംബാസഡറായി സിനിമാതാരം കുഞ്ചാക്കോ ബോബൻ. താരലേലത്തിനു ശേഷം വമ്പൻ മാറ്റങ്ങൾ നടത്തി എത്തുന്ന പുതു ആലപ്പി റിപ്പിൽസ് ടീമിന്റെ അവതരണം ഓഗസ്റ്റ് 6 ബുധനാഴ്ച ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരത്തിനു ഊന്നൽ നൽകിക്കൊണ്ടാണ് ടീം അവതരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വൈകീട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയിൽ ബ്രാൻഡ് അംബാസഡർ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി പങ്കെടുക്കും. ടീം അംഗങ്ങൾക്കും കോച്ചിങ് സ്റ്റാഫുകൾക്കുമൊപ്പം ടീം ഉടമകൾ, സ്പോൺസേർസ്, എസ് ഡി കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. റാപ്പർ ഫെജോ, ഡിജെ റിക്കി ബ്രൗൺ എന്നിവരുടെ ലൈവ് പെർഫോമൻസും നടക്കും.