ക്ലബ് ഫുട്ബോൾ ലോകകപ്പിൽ അൽ ഐൻ ചരിത്രം കുറിക്കുകയാണ്. ആതിഥേയരായത് കൊണ്ട് മാത്രം ക്ലബ് ലോകകപ്പിന് യോഗ്യത ലഭിച്ചപ്പോൾ അൽ ഐൻ ഇങ്ങനെ അട്ടിമറികൾ നടത്തി ഫൈനൽ വരെ എത്തുമെന്ന് ആരും കരുതിക്കാണില്ല. ഇന്ന് ക്ലബ് ലോകകപ്പിന്റെ സെമിയിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റിനെയാണ് അൽ ഐൻ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ ഐന്റെ വിജയം.
കളിയുടെ തുടക്കത്തിൽ തന്നെ ഇന്ന് ഗോൾ മഴ ആയിരുന്നു. ആദ്യ പതിമൂന്ന് മിനുട്ടിനകം മൂന്ന് ഗോളുകൾ. ആദ്യ മൂന്നാം മിനുട്ടിൽ ബെർഗിന്റെ ഗോളിൽ അൽ ഐൻ മുന്നിൽ. പക്ഷെ തിരിച്ചടിച്ച റിവർ പ്ലേറ്റ് 13 മിനുട്ട് കഴിയുമ്പോൾ 2-1ന് മുന്നിൽ. ബോറെയുടെ ഇരട്ട ഗോളുകൾ ആയിരുന്നു റിവർ പ്ലേറ്റിനെ മുന്നിൽ എത്തിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ കായിയോ അൽ ഐനായി സമനില ഗോൾ നേടി. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയും 5-4ന് പെനാൾട്ടി വിജയിച്ച് അൽ ഐൻ ഫൈനൽ ഉറപ്പിക്കുകയുൻ ചെയ്തു.
കഴിഞ്ഞ ആഴ്ച ബോക്ക ജൂനിയേഴ്സിനെ തോൽപ്പിച്ച് ക്ലബ് ലോകകപ്പിന് യോഗ്യത നേടിയ റിവർ പ്ലേറ്റ് ഫൈനലിൽ എത്തുമെന്ന് തന്നെയായിരുന്നു ഭൂരിഭാഗവും കരുതിയത്. ക്ലബ് ലോകകപ്പിൽ അൽ ഐന്റെ മൂന്നാം ജയമാണിത്. നേരത്തെ ഓഷ്യാന ചാമ്പ്യൻസിനെയും, അതു കഴിഞ്ഞ് ആഫ്രിക്കൻ ചാമ്പ്യൻസിനെയും അൽ ഐൻ തോൽപ്പിച്ചിരുന്നു.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ കശിമ ആന്റ്ലേഴ്സ് റയൽ മാഡ്രിഡിനെ നേരിടും.