യു എ ഇയിൽ നടക്കുന്ന ക്ലബ് ലോകകപ്പിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അൽ ഐൻ വൻ തിരിച്ചുവരവ് ആണ് നടത്തിയത്. ഇന്ന് ന്യൂസിലാന്റ് ടീമായ വെല്ലിങ്ടനേ നേരിട്ട അൽ ഐൻ 44 മിനുട്ടുകൾ പിന്നിട്ടപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ ആയിരുന്നു. ആ ഘട്ടത്തിൽ നിന്ന് തിരിച്ചടിച്ച് അൽ ഐൻ ഇന്ന് വിജയം സ്വന്തമാക്കി.
45ആം മിനുട്ടിൽ ഷിയോതാനി ആണ് അൽ ഐന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡൗമ്ബിയ സ്കോർ 2-3 എന്നാക്കി. പിന്നീട് സ്വന്തം കാണികളുടെ പിന്തുണയോടെ നിരന്തരം അറ്റാക്ക് ചെയ്ത അൽ ഐന് അവസാനം 85ആം മിനുട്ടിൽ അർഹിച്ച സമനില ഗോൾ ലഭിച്ചു. ബെർഗ് ആയിരുന്നു സമനില ഗോൾ നേടിയത്.
കളി 3-3 എന്ന നിലയിൽ പെനാൾട്ടി വരെ എത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് അൽ ഐൻ വിജയിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു. ആദ്യമായാണ് ക്ലബ് ലോകകപ്പിൽ മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം ഒരു ടീം വിജയിക്കുന്നത്. രണ്ടാം റൗണ്ടിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ എസ്പെരൻസെ ടുണീഷ്യയെ ആകും അൽ ഐ നേരിടുക.