ഇന്നലെയാണ് ചാമ്പ്യൻസ് ലീഗിൽ വാർ അരങ്ങേറിയത് എങ്കിലും ഇന്നായിരുന്നു വാറിന് ചാമ്പ്യൻസ് ലീഗിൽ ജോലി ഉണ്ടായത്. വർ നിർണായക വിധി എഴുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്ന് അയാക്സിനെ തോൽപ്പിച്ചു. പ്രീക്വാർട്ടർ പോരിൽ ഇന്ന് ഹോളണ്ടിൽ വെച്ച് അയാക്സും നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ഏറ്റുമുട്ടിയപ്പോൾ അവസരങ്ങൾ സൃഷ്ടിച്ചതും കളി നിയന്ത്രിച്ചതുമൊക്കെ അയാക്സ് ആയിരുന്നു. പക്ഷെ ഫൈനൽ വിസിൽ വന്നപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം റയൽ മാഡ്രിഡിന് സ്വന്തം.
റയൽ മാഡ്രിഡ് എന്തു കൊണ്ട് ചാമ്പ്യന്മാരായി എന്ന് കാണിക്കുന്ന പ്രകടനമായുരുന്നു ഇന്ന്. അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല എങ്കിലും കിട്ടിയ അവസരം മുതലെടുക്കാൻ അവർക്കായി. ആ ക്ലിനിക്കൽ സ്വഭാവമാണ് ഇന്നത്തെ കളിയിൽ വ്യത്യാസമായതും. ഇതിനൊപ്പം തന്നെ ഇന്നത്തെ കളിയിൽ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വലിയ റോളും ഉണ്ടായിരുന്നു.
ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫികോയിലൂടെ അയാക്സ് ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു. റയൽ മാഡ്രിഡ് ടീമിലെ ഒരാൾ പോലും ഓഫ് സൈഡിന് അപ്പീൽ ചെയ്തില്ല എങ്കിലും വാറിന്റെ ഇടപെടലിലൂടെ ആ ഗോളിൽ ഓഫ് സൈഡ് കണ്ടെത്തുകയും ആഗോൾ നിഷേധിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക് വിപരീതമായായിരുന്നു റയൽ മാഡ്രിഡ് ആദ്യ ഗോൾ അടിച്ചത്. വിനീഷ്യസ് ജൂനിയറിന്റെ ഒരു നിമിഷത്തെ മാജിക്ക് ആണ് റയലിന് ആ അവസരം ഉണ്ടാക്കി കൊടുത്തത്. വിനീഷ്യസിന്റെ പാസ് തകർപ്പൻ സ്ട്രൈക്കിലൂടെ ബെൻസീമ വലയിലും എത്തിച്ചു. ക്ഷമയോടെ പൊരുതിയ അയാക്സിന് അവസാനം സമനിക ഗോൾ കിട്ടി. അവരുടെ മൊറോക്കൻ സൂപ്പർ സ്റ്റാർ സിയെച് ആയിരുന്നു സമനില ഗോൾ നേടിയത്.
കളി സമനിലയായു തീരും എന്ന് കരുതിയ സനയത്താണ് അസൻസിയീ വിജയ ഗോളുമായി എത്തുന്നത്. സബ്ബായി എത്തിയ അസൻസിയോ ഇന്ന് ചെറിയ സമയം കൊണ്ട് തന്നെ അയാക്സ് ഡിഫൻസിനെ വിറപ്പിച്ചു. അസൻസിയോ നേടിയ ഗോളിന്റെ ബിൽഡ് അപ്പിൽ ഒരു റയൽ മാഡ്രിഡ് ഫൗൾ ഉണ്ടായിരുന്നു. റഫറി വാർ വഴി പരിശോധിച്ചു എങ്കിലും ആ ഗോൾ നിഷേധിക്കാൻ തയ്യാറായില്ല.
ഇന്ന് പരാജയപ്പെട്ടു എങ്കിലും രണ്ടാം പാദത്തിലും റയലിനെ ഒന്ന് വിറപ്പിക്കാൻ ആകും എന്ന പ്രതീക്ഷ അയാക്സിന് ഇന്നത്തെ പ്രകടനത്തോടെ ലഭിച്ചിരിക്കും.