ന്യൂഡൽഹി: എഎഫ്‌സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ഇന്ത്യൻ അണ്ടർ-20 വനിതാ ടീമിന് 25,000 യുഎസ് ഡോളർ (ഏകദേശം ₹20 ലക്ഷം) പാരിതോഷികം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഗ്രൂപ്പ് ഡി-യിൽ ഇന്തോനേഷ്യയുമായി 0-0 സമനില, തുർക്ക്‌മെനിസ്ഥാനെതിരെ 7-0 വിജയം, ആതിഥേയരായ മ്യാൻമറിനെതിരെ 1-0 വിജയം എന്നിങ്ങനെ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.

യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ടീം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഫുട്‌ബോളിന്റെ ഈ വളർച്ചക്ക് പിന്നിൽ എഐഎഫ്എഫും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ചേർന്ന് നടപ്പിലാക്കിയ ‘അസ്മിത’ വനിതാ ഫുട്ബോൾ ലീഗ് വലിയ പങ്കുവഹിച്ചു.
2023-നും 2025-നും ഇടയിൽ 13, 15, 17 വയസ്സിൽ താഴെയുള്ളവർക്കായി 155 ലീഗുകൾ നടത്തി. 2023-24 സീസണിൽ 6,305 കളിക്കാർ പങ്കെടുത്ത സ്ഥാനത്ത്, 2024-25-ൽ ഇത് 8,658 ആയി വർധിച്ചു.
അണ്ടർ-20 ടീം 2024 ഡിസംബർ മുതൽ പരിശീലനത്തിലാണ്. 135 ദിവസത്തെ ക്യാമ്പും തുർക്കിയിലെ പിങ്ക് ലേഡീസ് യൂത്ത് കപ്പ്, ഉസ്ബെക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരങ്ങൾ എന്നിവയിൽ ടീം പങ്കെടുത്തു.
2026 ഏപ്രിലിൽ തായ്‌ലൻഡിലാണ് എഎഫ്‌സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് നടക്കുക. ടൂർണമെന്റിനായി വിപുലമായ പരിശീലന ക്യാമ്പുകളും നിലവാരമുള്ള മത്സരങ്ങളും ഒരുക്കുമെന്നും എഐഎഫ്എഫ് അറിയിച്ചു.