ഇതാണ് തിരിച്ചുവരവ്!!! ഇബ്രാഹിം സദ്രാന് ശതകം, റണ്ണടിച്ച് കൂട്ടി അഫ്ഗാനിസ്ഥാന്‍

Sports Correspondent

Zadran2

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്നത്തെ ഗ്രൂപ്പ് ബി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെതിരെ 325 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ജോഫ്ര ആര്‍ച്ചറുടെ തുടക്കത്തിലെ സ്പെല്ലിൽ ആടിയുലഞ്ഞ അഫ്ഗാനിസ്ഥാന്‍ മത്സരത്തിന്റെ തുടക്കത്തിൽ 37/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇബ്രാഹിം സദ്രാനൊപ്പം മധ്യ നിരയും റൺ കണ്ടെത്തിയപ്പോള്‍ മികച്ച സ്കോറാണ് ടീം നേടിയത്.

Jofraarcher

എന്നാൽ ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ള ഷഹീദിയും നാലാം വിക്കറ്റിൽ 103 റൺസ് നേടി അഫ്ഗാനിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കി. 40 റൺസ് നേടിയ ഷഹീദി പുറത്തായ ശേഷം അഞ്ചാം വിക്കറ്റിൽ 72 റൺസാണ് സദ്രാനും ഒമര്‍സായിയും ചേര്‍ന്ന് നേടിയത്.

Ibrahimzadran

40 ഓവറിൽ 212/5 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍ ഒമര്‍സായി പുറത്താകുമ്പോള്‍ നിലകൊണ്ടത്. 31 പന്തിൽ 41 റൺസായിരുന്നു താരം നേടിയത്.

അവസാന ഓവറുകളിൽ സദ്രാന് കൂട്ടായി മൊഹമ്മദ് നബിയും കസറിയപ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 300 കടക്കുകയായിരുന്നു. നബി 24 പന്തിൽ 40 റൺസ് നേടിയപ്പോള്‍ സദ്രാന്‍ 146 പന്തിൽ നിന്ന് 177 റൺസാണ് നേടിയത്. ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 55 പന്തിൽ നിന്ന് 111 റൺസ് നേടി.