എ എഫ് സി കപ്പിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ എ ടി കെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. ഇന്ന് മാൽഡീവ്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. രണ്ട് ഐ എസ് എൽ ക്ലബുകളും നേർക്കുനേർ വന്ന മത്സരത്തിൽ മോഹൻ ബഗാന്റെ ആധിപത്യം ആണ് തുടക്കം മുതൽ കണ്ടത്. ഹ്യൂഗോ ബൗമസ്, റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, കാൾ മക്ഹ്യൂഗ് എന്നിവരടങ്ങിയ മികച്ച നിരയുമായി ഇറങ്ങിയ മോഹൻ ബഗാൻ ബെംഗളൂരു പ്രതിരോധത്തിന് നിരന്തരം തലവേദനയായി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹ്യൂഗോ ബൗമസ് മോഹൻ ബഗാനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഗുർപ്രീതിന്റെ മികച്ച സേവുകളാണ് ബെംഗളൂരുവിനെ തുടക്കത്തിൽ രക്ഷിച്ചത്. എങ്കിലും ഒരു കോർണറിൽ നിന്ന് ലീഡ് കണ്ടെത്താൻ മോഹൻ ബഗാനായി. 39ആം മിനുട്ടിൽ കിട്ടിയ കോർണറിൽ നിന്ന് സുഭാഷിഷിന്റെ ഹെഡർ റോയ് കൃഷ്ണയുടെ നേരെ വന്നു. താരം ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് പന്ത് ബെംഗളൂരു വലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സുഭാഷിഷ് ബോസ് മോഹൻ ബഗാന്റെ ലീഡ് ഇരട്ടിയാക്കി. ഡേവിഡ് വില്യംസിന്റെ പാസിൽ നിന്നായിരുന്നു സുഭാഷിഷിന്റെ ഗോൾ. ഇനി ഓഗസ്റ്റ് 21ന് ബെംഗളൂരു എഫ് സി ബസുന്ധര കിങ്സിനെയും മോഹൻ ബഗാൻ മസിയയെയും നേരിടും. ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്ക് മാത്രമെ ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിലേക്ക് എത്താൻ ആവുകയുള്ളൂ.