എ എഫ് സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുർക്ക്മെനിസ്താൻ ക്ലബായ ആൽറ്റിൻ അസൈറിനോടാണ് ബെംഗളൂരു പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. ഒരു ഘട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആൽറ്റിൻ അസൈർ മുന്നിലായിരുന്നു.
കളി തുടങ്ങി പതിനൊന്നാം മിനുട്ടിൽ തന്നെ സന്ദർശകർ ബെംഗളൂരുവിന്റെ വലകുലുക്കി. ഒരസഹദോവായിരുന്നു ആൽറ്റിൻ അസൈറിന്റെ ആദ്യ ഗോൾ നേടിയത്. 23ആം മിനുട്ടിൽ അന്നാദുർദ്യേവ് അവരുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ടിനുള്ളിൽ വീണ്ടും ബെംഗളൂരു എഫ് സി വല കുലുങ്ങി. ഇതോടെ ബെംഗളൂരുവിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.
എന്നിട്ടും ബെംഗളൂരു പൊരുതി. രാഹുൽ ബെഹ്കെയും ഓസ്ട്രേലിയൻ താരം എറിക് പാർതാലുവും നേടിയ ഗോളുകൾ ബെംഗളൂരുവിന് പ്രതീക്ഷ തിരികെ നൽകി. കളി 3-2 എന്ന നിലയിൽ അവസാനിച്ചു എങ്കിലും രണ്ടാം പാദത്തിൽ ബെംഗളൂരുവിന് ഇപ്പോൾ നേരിയ പ്രതീക്ഷയുണ്ട്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.