ആരാധകർ ഇല്ലായെങ്കിലും സിഗ്നൽ ഇടുന പാർക്ക് ഡോർട്മുണ്ടിന്റെ കോട്ട തന്നെ. ഡാർബി പോരാട്ടത്തിൽ ഷാൾക്കെയെ നേരിട്ട ബൊറൂസിയ ഡോർട്മുണ്ട് ഇന്ന് വൻ വിജയം തന്നെ നേടി. രണ്ട് മാസത്തിനു ശേഷം ഫുട്ബോൾ തിരികെ വന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. തീർത്തും പുതുമയാർന്ന സാഹചര്യത്തിലായിരുന്നു മത്സരം.
ആരാധകർ ഇല്ലാത്തതിനാൽ മത്സരം ചൂടുപിടിക്കാൻ ആദ്യം സമയമെടുത്തു. 29ആം മിനുട്ടിൽ ആണ് ആദ്യ ഗോൾ വീണത്. വലതു വിങ്ങിലൂടെ ബ്രാന്റും തോർഗൻ ഹസാർഡും കൂടി നടത്തിയ ഗംഭീര നീക്കം. ബോക്സിലേക്ക് ക്രോസ് വന്നപ്പോൾ അനായാസ ഫിനിഷിലൂടെ ഹാളണ്ട് പന്ത് വലയിൽ എത്തിച്ചു. ഹാളണ്ടിന്റെ ഡോർട്മുണ്ടിനായുള്ള പത്താം ലീഗ് ഗോളായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു രണ്ടാം ഗോൾ. ഇത്തവണ ബ്രാന്റിന്റെ പാസിൽ ഗുറേറോയുടെ ഇടം കാലൻ ഫിനിഷ്. ഷാൽക്കെ ഗോൾകീപ്പർ ഷുബേർട്ടിന് തടയാൻ ആയില്ല. ഷുബേർട്ടിന്റെ ഒരു മിസ് പാസിൽ നിന്നായിരുന്നു ആ അറ്റാക്ക് ഡോർട്മുണ്ട് തുടങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹസാർഡിലൂടെ ഡോർട്മുണ്ട് അവരുടെ മൂന്നാം ഗോളും നേടി.
കളിയിലെ ഏറ്റവും സുന്ദര ഗോൾ നാലാമത്തെ ഗോളായിരുന്നു. ഹാളണ്ടിന്റെ പാസ് സ്വീകരിച്ച ഗുറേറോയുടെ വകയായിരുന്നു ഗംഭീര ഫിനിഷ്. താരത്തിന്റെ കളിയിലെ രണ്ടാം ഗോളായിരുന്നു ഇത്. ഈ വിജയത്തോടെ താൽക്കാലിമായെങ്കിലും ഡോർട്മുണ്ട് ബയേണുമായുള്ള പോയ്യന്റ് വ്യത്യാസം ഒന്നായി കുറച്ചു. 26 മത്സരത്തിൽ 54 പോയന്റാണ് ഡോർട്മുണ്ടിനുള്ളത്.