ഒരു സെന്റർ ബാക്കിനായുള്ള ലോക റെക്കോർഡ് തുക നൽകി കൊണ്ട് ഹാരി മഗ്വയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. 80 മില്യൺ യൂറോ ലെസ്റ്റ് സിറ്റിക്ക് നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മഗ്വയറിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയിരിക്കുന്നത്. 620 കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വരും ഈ തുക. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ ശേഷം അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
We have an important announcement to make…
Welcome, @HarryMaguire93 👋 #MUFC
— Manchester United (@ManUtd) August 5, 2019
നീണ്ട ചർച്ചകൾക്ക് ശേഷമാണ് 80 മില്യണ് താരത്തെ വിട്ടു നൽകാൻ ലെസ്റ്റർ തീരുമാനിച്ചത്. 75 മില്യൺ നൽകി ലിവർപൂൾ വാൻ ഡൈകിനെ സ്വന്തമാക്കിയതായിരുന്നു ഇതിനു മുമ്പ് ഡിഫൻഡർക്കായുള്ള റെക്കോർഡ് തുക. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ സീസണായിരുന്നു കഴിഞ്ഞത്. അതാണ് ഇത്രയും വില കൊടുത്ത് യുണൈറ്റഡ് ഇപ്പോൾ മഗ്വയറിനെ സ്വന്തമാക്കാനുള്ള കാരണം. ഡിഫൻസ് ശക്തിയാക്കാനുള്ള ഭാഗമായി നേരത്തെ ക്രിസ്റ്റൽ പാലസ് താരം വാൻ ബിസാകയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
മഗ്വയർ കൂടെ എത്തുന്നതോടെ മികച്ച ഡിഫൻസ് നിരയായി യുണൈറ്റഡ് മാറി. വാൻ ബിസാക, മഗ്വയർ, ലിൻഡെലോഫ്, ലൂക് ഷോ എന്നിവരാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് ഫോർ. വളരെ കാലത്തിനു ശേഷമാകും ഇത്തരമൊരു നല്ല ഡിഫൻസ് ലൈൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്നത്. ഇംഗ്ലണ്ടിനായും ലെസ്റ്ററിനായും അവസാന വർഷങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു മഗ്വയർ നടത്തിയിരുന്നത്.