ഓള്‍റൗണ്ട് മികവുമായി ഓസ്ട്രേലിയയുടെ ആഷ്ലെ ഗാര്‍ഡ്നര്‍ തിളങ്ങിയപ്പോള്‍ നാലാം ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍ വയട്ട് 43 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് 25 റണ്‍സ് നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ട് ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു.
ആഷ്ലെ ഗാര്‍ഡ്നര്‍ ഓസ്ട്രേലിയയ്ക്കായി മൂന്ന് വിക്കറ്റ് നേടിപ്പോള്‍ ജോര്‍ജ്ജിയ വെയര്‍ഹാം, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. എല്‍സെ പെറിയ്ക്കാണ് ഒരു വിക്കറ്റ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് സ്കോറിംഗിനു ഒരു ഗതി പിടിയ്ക്കുവാന്‍ ഓസീസ് വനിതകള്‍ അവസരം നല്‍കിയിരുന്നില്ല.
ആഷ്ലെ ഗാര്‍ഡ്നര്‍ 33 റണ്‍സുമായി പുറത്താകാതെ മെഗ് ലാന്നിംഗിനൊപ്പം(28*) ഓസ്ട്രേലിയയെ നാലാം കിരീടത്തിലേക്ക് 15.1 ഓവറില്‍ നയിക്കുകയായിരുന്നു. 2 വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയന്‍ നിരയില്‍ അലൈസ ഹീലി(22), ബെത്ത് മൂണി(14) എന്നിവരാണ് പുറത്തായ താരങ്ങള്‍.
ആഷ്ലെ ഗാര്‍ഡ്നര്‍ കളിയിലെ താരമായി മാറിയപ്പോള്‍ അലൈസ ഹീലിയാണ് ടൂര്‍ണ്ണമെന്റിലെ താരം.