ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള സ്ക്വാഡ് ഹൈദരാബാദ് എഫ് സി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. മലയാളി പരിശീലകനായ ഷമീൽ ചെമ്പകത്ത് നയിക്കുന്ന ടീമിൽ നാല് മലയാളി ഭാവി പ്രതീക്ഷകൾ ആണുള്ളത്.
റബീഹ് ഉൾപ്പെടെ നാലു മലയാളി താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. ഡിഫൻഡർ ആയ മുഹമ്മദ് റാഫി, മധ്യനിര താരം അഭിജിത്ത് പി എ, ഫോർവേഡ് ജോസഫ് സണ്ണി എന്നിവരാണ് മലയാളി താരങ്ങൾ.
2021 മുതൽ റബീഹ് ഹൈദരബാദിനൊപ്പം ഉണ്ട്. കഴിഞ്ഞ ഐ എസ് എല്ലിൽ സീനിയർ സ്ക്വാഡിന്റെ ഭാഗമാകാനും റബീഹിനായിരുന്നു. 2013 ൽ മലപ്പുറത്തെ എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിലൂടെയാണ് റബീഹ് തന്റെ കരിയർ ആരംഭിച്ചത്. എം എസ് പിക്ക് വേണ്ടി AIFF യൂത്ത് ലീഗുകളിൽ റബീഹ് കളിച്ചിട്ടുണ്ട്. 2020-21 സീസണിൽ മലപ്പുറത്തെ ലൂക്ക എസ്‌സിക്കൊപ്പം ചെലവഴിച്ച അദ്ദേഹം കേരള പ്രീമിയർ ലീഗിൽ ലുകയുടെ നല്ല പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു.
ഫുൾ ബാക്ക് ആയി പ്രവർത്തിക്കാൻ കഴിയുന്ന ഒരു വെർസറ്റൈൽ വിംഗർ ആണ് റബീഹ്. തുടക്കത്തിൽ ഹൈദരാബാദിന്റെ റിസേർവ്സ് ടീമിനൊപ്പം ആയിരുന്നു റബീഹ് കളിച്ചത്. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ നന്നായി തിളങ്ങാൻ റബീഹിനായിരുന്നു. ആ മികവാണ് സീനിയർ ടീമിൽ എത്തിച്ചത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനൊപ്പം റബീഹ് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിച്ചിട്ടുണ്ട്.
അഭിജിതും ജോസഫും തൃശ്ശൂർ അരിബ യുണൈറ്റഡ് എഫ് സിയുടെ താരങ്ങൾ ആയിരുന്നു. അഭിജിത്ത് കേരളത്തെ ജൂനിയർ തലങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. എഫ് സി കേരളയുടെയും ഭാഗമായിരുന്നു താരം. ജോസഫ് സണ്ണിയും എഫ് സി കേരളയുടെ ഭാഗമായിട്ടുണ്ട്. ജോസഫ് സണ്ണിയും അഭിജിത്തും സ്കൂൾ തലം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ്.
മുഹമ്മദ് റാഫി മുമ്പ് ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ബെംഗളൂരുവിന്റെ റിസേർവ്സിന്റെ ഭാഗവുമായിട്ടുണ്ട്. 2016ൽ ആയിരുന്നു ബെംഗളൂരു എഫ് സി അണ്ടർ 16 ടീമിനൊപ്പം ചേർന്നത്. 2019വരെ അവിടെ താരം ഉണ്ടായിരുന്നു. ബെംഗളൂരുവിനൊപ്പം സൂപ്പർ ഡിവിഷനും നേടിയിട്ടുണ്ട്.
സാഫ് അണ്ടർ 18 ടീമിൽ ഇന്ത്യൻ ടീമിനെയും മുഹമ്മദ് റാഫി പ്രതിനിധീകരിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്. റാഫി നേരത്തെ ഡ്യൂറണ്ട് കപ്പിലും ആസാമിൽ നടന്ന ഗോൾഡ് കപ്പിലും ഹൈദരബാദിനായി കളിച്ചിട്ടുണ്ട്. 20കാരനായ താരം കഴിഞ്ഞ കെ പി എല്ലിൽ എം എ കോളേജിനായും ബൂട്ട് കെട്ടിയിരുന്നു. ഈ നാലു പേരും പരിശീലകൻ ഷമീൽ ചെമ്പകത്തിന് കീഴിൽ വലിയ ഉയരങ്ങളിലേക്ക് എത്തും എന്ന് തന്നെയാണ് മലയാളി ഫുട്ബോൾ പ്രേമികൾ സ്വപ്നം കാണുന്നത്.
മലയാളി സാന്നിദ്ധ്യമായി ഫിസിയോ വിനു കെ വർഗീസും ടീം മാനേജർ നിധിൻ മോഹനും ഹൈദരാബാദ് ടീമിനൊപ്പം ഉണ്ട്. നിധിൻ നിലമ്പൂർ സ്വദേശിയാണ്. വിനു തൃശ്ശൂർ സ്വദേശിയുമാണ്.