കേരള ഫുട്ബോൾ ലോകത്ത് അവസാന 30 വർഷമായി സജീവമായിരുന്ന ലേണൽ തോമസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്നലെ തൃശ്ശൂർ ലീഗിൽ വ്യാസ കോളേജിന് എതിരായ മത്സരമായിരുന്നു പ്രൊഫഷണൽ ഫുട്ബോളർ എന്ന രീതിയിലെ ലേണൽ തോമസിന്റെ അവസാന മത്സരം. ഒരു കാലത്ത് കേരള ഫുട്ബോൾ ടീമിന്റെ നെടുംതൂണായിരുന്നു ലേണൽ തോമസ്. 2004ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ ടീമിന്റെ മിഡ്ഫീൽഡ് നിയന്ത്രിച്ചിരുന്നത് ലേണൽ തോമസ് ആയിരുന്നു.
എസ് ബി ടിക്ക് ഒപ്പം ഫുട്ബോൾ കളിച്ച ലേണൽ തോമസ് അഞ്ചു വർഷത്തോളം എസ് ബി ടിയുടെ ക്യാപ്റ്റൻ ആയിരുന്നു. എ സ് ബിടിക്കായി ദേശീയ ഫുട്ബോൾ ലീഗിൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ടൂർണമെന്റിലും ലേണൽ തോമസ് പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്യാമ്പിൽ മുമ്പ് എത്തിയിരുന്നു എങ്കിലും സ്ക്വാഡിൽ എത്താൻ നിർഭാഗ്യവശാൽ ആയില്ല.
തന്റെ 31ആം വയസ്സിൽ എ സ് ബിടി ഫുട്ബോൾ ടീമിൽ നിന്ന് വിരമിച്ച ലേണൽ തോമസ് പിന്നീട് സെവൻസ് ഫുട്ബോൾ മൈതാനങ്ങളിലും ജില്ലാ തല മത്സരങ്ങളിലും സജീവമായി ഉണ്ടായിരുന്നു. സെവൻസ് ഫുട്ബോളിൽ ശാസ്താ തൃശ്ശൂർ പോലൊരു ക്ലബിന്റെ മുഖമായി തന്നെ ലേണൽ തോമസ് സമീപകാലത്ത് മാറി. ഇപ്പോൾ തന്നെ വരും തലമുറയിലെ ഫുട്ബോൾ കളിക്കാരെ മുന്നിൽ നിന്ന് നയിക്കുന്ന ലേണൽ തോമസ് ഇനി പരിശീലക രംഗത്ത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ എ ഐ എഫ് എഫിന്റെ സി കോച്ചിങ് ലൈസൻസ് ലേണൽ തോമസിനുണ്ട്.
Download the Fanport app now!