2020 തിലെ അപരാജിത കുതിപ്പ് തുടർന്ന് ജ്യോക്കോവിച്ച്, ദുബായ് ഓപ്പണിൽ അഞ്ചാം കിരീടം

- Advertisement -

2020 തിലെ തന്റെ അപരാജിത കുതിപ്പ് ദുബായ് ഓപ്പണിന്റെ ഫൈനലിലും തുടർന്ന് ലോക ഒന്നാം നമ്പർ താരം ആയ നൊവാക് ജ്യോക്കോവിച്ച്. 2020 തിൽ കളിച്ച 18 കളികളിലും ഇതോടെ തുടർച്ചയായി സെർബിയൻ താരം ജയം കണ്ടു. രണ്ടാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ചിന്റെ ജയം. സെമിഫൈനലിൽ മാച്ച് പോയിന്റുകൾ രക്ഷിച്ച് ഫൈനലിൽ എത്തിയ ജ്യോക്കോവിച്ചിനു എതിരെ മത്സരത്തിൽ അത്ര വെല്ലുവിളി ആവാൻ ഗ്രീക്ക് യുവ താരത്തിന് ആയില്ല.

ആദ്യ സെറ്റിൽ നിർണായക സർവീസ് ബ്രൈക്ക് നേടിയ ജ്യോക്കോവിച്ച് സെറ്റ് 6-3 നു സ്വന്തമാക്കി എല്ലാം പതിവ് പോലെ ആണെന്ന സൂചന നൽകി. രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ സർവീസ് ബ്രൈക്ക് നേടിയ ജ്യോക്കോവിച്ച് ജയം ഉറപ്പിച്ചത് ആയി തോന്നി. എന്നാൽ ജ്യോക്കോവിച്ചിന്റെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്ത സ്റ്റിസ്റ്റിപാസ് മത്സരത്തിൽ താൻ പോരാട്ടം അവസാനിപ്പിച്ചില്ല എന്നു വ്യക്തമാക്കി. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഗ്രീക്ക് താരം പക്ഷെ നിർണായക ഘട്ടത്തിൽ സർവീസ് ഇരട്ടപിഴവുകൾ അടക്കം വരുത്തിയപ്പോൾ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു സ്വന്തമാക്കി ദുബായിയുടെ കിരീടം ഒരിക്കൽ കൂടി അണിഞ്ഞു.

ഇത് അഞ്ചാം തവണയാണ് ദുബായ് ഓപ്പണിൽ ജ്യോക്കോവിച്ച് കിരീടം ഉയർത്തുന്നത്. കരിയറിലെ 79 കിരീതിനേട്ടം കൂടിയാണ് സെർബിയൻ താരത്തിന് ഇത്. 2020 തിലെ ഈ മാരക ഫോമിൽ ജ്യോക്കോവിച്ചിനെ തടയുക എന്നത് തന്നെയാവും മറ്റുള്ളവർക്ക് മുന്നിലുള്ള വെല്ലുവിളി. ജയിച്ച 18 ൽ 7 ജയങ്ങളും ജ്യോക്കോവിച്ച് ആദ്യ 10 ലുള്ള എതിരാളികൾക്ക് എതിരെയാണ് നേടിയത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ വർഷം അപരാജിത കുതിപ്പ് നടത്താൻ ആണ് ഉദ്ദേശം എന്നു തമാശ പറഞ്ഞ ജ്യോക്കോവിച്ചിനെ ഈ വർഷം ആരു തോല്പിക്കും എന്നത് കാത്തിരുന്നു തന്നെ കാണണം.

Advertisement