2011 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള വിക്ടറി ലാപ് ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവിസ്മരണീയ നിമിഷമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. 2011 ലോകകപ്പിൽ കിരീടം ചൂടിയത് തന്റെ ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നെന്നും ഇതുപോലെയൊരു നിമിഷം തന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
തന്റെ 47മത്തെ ജന്മദിനവുമായി ബന്ധപ്പെട്ട ഐ.സി.സിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്ത വിഡിയോയിലാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ച് സച്ചിൻ മനസ്സ് തുറന്നത്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ താൻ കളി പഠിച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തിയത്.
താൻ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ദിവസം വളരെ മികച്ചതായിരുന്നുവെന്നും എന്നാൽ 2011ലെ കിരീടം വിജയം അതിനെല്ലാം മുകളിലായിരുന്നുവെന്നും സച്ചിൻ പറഞ്ഞു. അന്ന് ഇന്ത്യ കിരീടം നേടിയപ്പോൾ ഒരു രാജ്യം മുഴുവൻ ആഘോഷിക്കുകയായിരുന്നുവെന്നും ഒരു രാജ്യം ഒരുമിച്ച് ഇങ്ങനെ ആഘോഷിക്കുന്നത് വളരെ വിരളമായി മാത്രം കാണുന്ന കാഴ്ചയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.