സൗദി പ്രോ ലീഗിലെ സൂപ്പർ ക്ലബ്ബുകൾ മുഖാമുഖം വന്ന പോരാട്ടത്തിൽ അൽ നാസറിനെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം. അൽ ഹിലാലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആയിരുന്നു ആതിഥേയരുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഏഴ് പോയിന്റിലേക്ക് ഉയർത്താനും അവർക്കായി. പതിനഞ്ച് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ സീസണിൽ ഇതുവരെ അൽ ഹിലാൽ തോൽവി അറിഞ്ഞിട്ടില്ല.
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ലഭിച്ച മികച്ച അവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ബോക്സിനുള്ളിൽ നിന്നും തുറന്ന അവസരത്തിൽ മാൽക്കമിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. മാനെയുടെ ശ്രമവും പോസ്റ്റിൽ നിന്നും അകന്നു. രണ്ടാം പകുതിയിൽ അൽ ഹിലാൽ ഗോളുകൾ കണ്ടെത്തി. 64ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും സൗദ് അബ്ദുൽഹമീദിന്റെ ക്രോസിൽ തല വെച്ചു കൊണ്ട് മിലിങ്കോവിച്ച് സാവിക്ക് ടീമിന് ലീഡ് നൽകി. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ സമനില ഗോളിനായി അൽ നാസർ ശ്രമം നടത്തി എങ്കിലും 89ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് മിത്രോവിച്ച് അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. പിറകെ അൽ ബുലയ്ഹി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ആതിഥേയർ പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വീണ്ടും വല കുലുക്കി കൊണ്ട് മിത്രോവിച്ച് മത്സരം പൂർണ്ണമായും അൽ ഹിലാലിന്റെ വരുതിയിൽ ആക്കി. പിന്നീട് അൽ നാസർ ഒരു ഗോൾ മടക്കി എങ്കിലും ഓഫ് സൈഡ് കെണിയിൽ കുടുങ്ങി.