കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി സെയിന്റ് ലൂസിയ കിങ്‌സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ഉറപ്പിച്ചു. 21 റൺസിന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് സെന്റ് ലൂസിയ കിങ്‌സ് ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് 19.3 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ കിങ്സിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 4 റൺസ് എടുത്ത ആന്ദ്രേ ഫ്ലെച്ചറും റൺസ് ഒന്നും എടുക്കാതെ റഹ്കീം കോൺവാളും പെട്ടന്ന് പുറത്തായെങ്കിലും 44 പന്തിൽ 78 റൺസ് എടുത്ത മാർക്ക് ഡയാലും 21 പന്തിൽ 36 റൺസ് എടുത്ത റോസ്റ്റൻ ചേസും അവരെ മികച്ച സ്‌കോറിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അവസാന ഓവറുകളിൽ 21 പന്തിൽ പുറത്താവാതെ 34 റൺസ് എടുത്ത ഡേവിഡ് വീസും 17 പന്തിൽ പുറത്താവാതെ 38 റൺസ് എടുത്ത ടിം ഡേവിഡും സെന്റ് ലൂസിയ കിങ്സിന്റെ സ്കോർ 200 കടത്തുകയായിരുന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ട്രിങ്ബാഗോ കിങ്സിന് വേണ്ടി ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തിൽ 30 റൺസ് എടുത്ത സുനിൽ നരേൻ ആണ് അവരുടെ ടോപ് സ്‌കോറർ. ദേനേഷ് രാംദിൻ(29), കോളിൻ മൺറോ (28), കിറോൺ പോളാർഡ്(26), ഡാരെൻ ബ്രാവോ(25) എന്നിവർ പൊരുതി നോക്കിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ അവർക്കൊന്നും ആയില്ല. സെന്റ് ലൂസിയ കിങ്സിന് വേണ്ടി ഡേവിഡ് വീസ് 5 വിക്കറ്റ് വീഴ്ത്തി.