ഒക്ടോബർ – നവംബർ മാസങ്ങളിൽ പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി സിംബാബ്‌വെ ക്രിക്കറ്റ് ടീം. ബയോ സുരക്ഷയൊരുക്കി പരമ്പര നടത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തുന്നത്. എന്നാൽ നിലവിൽ പരമ്പരയിലെ മത്സരങ്ങളുടെ തിയ്യതികൾ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 10-15 തിയ്യതികളിൽ പാകിസ്ഥാനിൽ എത്തുന്ന സിംബാബ്‌വെ 14 ദിവസം ക്വറന്റൈനിൽ ഇരിക്കേണ്ടി വരും. തുടർന്നാവും സിംബാബ്‌വെ ടീം പരിശീലനം ആരംഭിക്കുക.
നേരത്തെ സിംബാബ്‌വെ പാകിസ്ഥാനിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരമ്പരയിൽ കൂടുതൽ മത്സരങ്ങൾ ഉൾപെടുത്താൻ സിംബാബ്‌വെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ടിട്ടുണ്ട്. പരമ്പരയിലെ ഏകദിന മത്സരങ്ങൾ ഐ.സി.സിയുടെ സൂപ്പർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങളാണ്. നേരത്തെ ഓഗസ്റ്റിൽ നടക്കേണ്ട സിംബാബ്‌വെയുടെ ഓസ്‌ട്രേലിയൻ പര്യടനം കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു.