സിംബാബ്‍വേ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ഉപേക്ഷിച്ചു

Sports Correspondent

ഓഗസ്റ്റ് അവസാനം ഹരാരേയില്‍ നടക്കാനിരുന്ന സിംബാബ്‍വേ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെ കോവിഡ് വ്യാപനം അടുത്തിടെ പൊടുന്നനെ വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡിന് പോകേണ്ടി വന്നത്. നേരത്തെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരമ്പരയുമായി മുന്നോട്്ട പോകുവാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് കേസുകള്‍ വര്‍ദ്ധിച്ചതോടെ ടീമുകളെ സ്വീകരിക്കുവാന്‍ രാജ്യം തയ്യാറല്ലെന്ന് സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷന്‍ ബോര്‍ഡിനോട് അറിയിക്കുകയായിരുന്നു. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിംബാബ്‍വേ ബോര്‍ഡിന് ഇത് കടുത്ത വെല്ലുവിളിയാണ്.

ഓഗസ്റ്റില്‍ മൂന്ന് ഏകദിനങ്ങല്‍ക്കായി ഇന്ത്യയും രാജ്യം സന്ദര്‍ശിക്കേണ്ടതായിരുന്നുവെങ്കിലും പിന്നീട് ആ പരമ്പരയും ഉപേക്ഷിക്കുകയായിരുന്നു.