തോൽവിയും വിചിത്രമായ ഔട്ടും, കാനഡയിൽ യുവരാജ് സിങ്ങിന് മോശം തുടക്കം (വീഡിയോ)

Staff Reporter

വലിയ പ്രതീക്ഷയുമായി കാനഡയിലെ ഗ്ലോബൽ ടി20യിൽ മത്സരിക്കാൻ ഇറങ്ങിയ യുവരാജ് സിങ്ങിന് തോൽവിയോടെ തുടക്കം.  സീസണിലെ ആദ്യ മത്സരത്തിൽ വാൻകോവർ നൈറ്റ്സ് ആണ് യുവരാജിന്റെ ടീമായ ടോറോന്റോ നാഷൽസിനെ 8 വിക്കറ്റിന് തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുവരാജിന്റെ ടീം 20 ഓവറിൽ 159 റൺസാണ് നേടിയത്. തുടർന്ന് മറുപടി ബാറ്റ് ചെയ്ത വാൻകോവർ നൈറ്റ്സ് 17.2 ഓവറിൽ 162 റൺസ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിൽ 27 ബോളിൽ നിന്ന് വെറും 14 റൺസ് മാത്രമാണ് യുവരാജ് എടുത്തത്. തന്റെ വിരമിക്കലിന് ശേഷം ആദ്യമായി കളിക്കാൻ ഇറങ്ങിയ യുവരാജ് സിങ്ങിന് നല്ല ഓർമ്മകൾ നൽകുന്നതായിരുന്നില്ല ഈ മത്സരം.

നാലാമനായി ഇറങ്ങിയ യുവരാജ് സിങ് 17മത്തെ ഓവറിലാണ് ഔട്ട് ആയത്. റിസ്‌വാൻ ചീമയുടെ ബോളിൽ യുവരാജിന്റെ ബാറ്റിൽ തട്ടുകയും എന്നാൽ വിക്കറ്റ് കീപ്പർ ടോബിയാസ് വിസ്സെ പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് സ്റ്റമ്പിൽ തട്ടുകയും ചെയ്തു. എന്നാൽ പന്ത് സ്റ്റമ്പിൽ തട്ടുമ്പോൾ യുവരാജ് ക്രീസിൽ തന്നെ ഉണ്ടായിരുന്നെങ്കിലും അമ്പയറുടെ തീരുമാനത്തിന് കാത്തിരിക്കാതെ യുവരാജ് ക്രീസ് വിടുകയായിരുന്നു. എന്നാൽ റിപ്ലേകളിൽ പന്ത് സ്റ്റമ്പിൽ തട്ടുമ്പോൾ യുവരാജ് ക്രീസിൽ നിന്ന് ഉണ്ടെന്ന് വ്യക്തമായിരുന്നു.