ഇന്ത്യയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയത്തിന്റെ ബലത്തിൽ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ മികവിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മന്ഥാന 51 പന്തിൽ 70 റൺസ് നേടിയപ്പോള്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ഓവറിൽ തന്നെ ഷഫാലി പുറത്തായി ശേഷം ഹര്‍ലീന്‍ ഡിയോളിനെയും ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമാകുകയായിരുന്നു.
13/2 എന്ന നിലയിൽ നിന്ന് 68 റൺസ് നേടി മന്ഥാന – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും 36 റൺസ് നേടിയ കൗറും പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗിന്റെ താളം തെറ്റി. 8 ഫോറും 2 സിക്സും നേടിയ സ്മൃതിയെ കാത്തറിന്‍ ബ്രണ്ടാണ് പുറത്താക്കിയത്. ഷഫാലിയുടെ വിക്കറ്റും ബ്രണ്ടിനായിരുന്നു. റിച്ച ഘോഷ് 20 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റിനുടമയായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡാനിയേൽ വയട്ട് 56 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 42 റൺസ് നേടി താരത്തിന് മികച്ച പിന്തുണ നല്‍കി.