ഇന്ത്യയ്ക്കെതിരെ ടി20 പരമ്പര ഓസ്ട്രേലിയ ജയിക്കുമ്പോള്‍ അതില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരം ഗ്ലെന്‍ മാക്സ്വെല്‍ ആയിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടി പുറത്തായ താരം രണ്ടാം മത്സരത്തില്‍ പുറത്താകാതെ 113 റണ്‍സ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ താന്‍ പതിവായി ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ന്ന് ഇറങ്ങുന്ന ഏകദിന ഫോര്‍മാറ്റില്‍ തനിക്ക് നേരത്തെ ഇറങ്ങുവാന്‍ അവസരം കിട്ടിയാല്‍ നന്നാകുമെന്ന് ഗ്ലെന്‍ മാക്സ്വെല്‍ അഭിപ്രായപ്പെടുകയായിരുന്നു.
അടുത്തിടെയായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏഴാം നമ്പറിലാണ് മാക്സ്വെല്‍ ബാറ്റ് ചെയ്യാനെത്തുന്നത്. ടി20യില്‍ വന്നയുടനെ അടിച്ച് തകര്‍ക്കുവാന്‍ പറ്റുമെങ്കിലും ഏകദിനത്തില്‍ ഇന്നിംഗ്സ് അവസാനത്തോടെ സമാനമായ പ്രകടനം പുറത്തെടുക്കുവാന്‍ പ്രയാസമാണെന്നാണ് മാക്സ്വെല്‍ പറഞ്ഞത്. അതിനാല്‍ തന്നെ തനിക്ക് നാലാമനായോ അഞ്ചാമനായോ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നന്നാവുമെന്ന് മാക്സ്വെല്‍ പറഞ്ഞു.
മാര്‍ച്ച് 2നു ഹൈദ്രാബാദിലാണ് ആദ്യ ഏകദിനം അരങ്ങേറുന്നത്.













