മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിങ് രംഗത്ത്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച അമ്പാടി റായ്ഡുവിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് യോഗ്‌രാജ് സിങ് ധോണിയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. റായ്ഡുവിന്റെ വിരമിക്കൽ പ്രഖ്യാപനം പെട്ടെന്നായിപ്പോയെന്നും റായ്ഡുവിന്റെ വിരമിക്കലിന് കാരണം മഹേന്ദ്ര സിങ് ധോണിയാണെന്നും യോഗ്‌രാജ് ആരോപിച്ചു. റായ്ഡു വിരമിക്കൽ പ്രഖ്യാപനം മാറ്റിവെച്ച് ക്രിക്കറ്റിലേക്ക് മടങ്ങി വരണമെന്നും ധോണിയെ പോലെയുള്ള വൃത്തികെട്ടവന്മാർ എല്ലാ കാലവും ഇവിടെ ഉണ്ടാവില്ലെന്നും യുവരാജ് സിംഗിന്റെ പിതാവ് പറഞ്ഞു.
റായ്ഡു കളിക്കുന്നത് തുടരണമെന്നും കൂടുതൽ കളിക്കണമെന്നും രഞ്ജിയിലും ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലും കളിച്ച് നൂറും ഇരുനൂറും മുന്നൂറും റൺസുകളും നേടണമെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതോടെയാണ് റായ്ഡു ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ പട്ടികയിൽ ഉൾപെട്ടിരുന്നെങ്കിലും ശിഖർ ധവാനും വിജയ് ശങ്കറിനും പരിക്കേറ്റപ്പോൾ റിഷഭ് പന്തും മയാങ്ക് അഗർവാളുമാണ് അവർക്ക് പകരക്കാരായി ഇംഗ്ലണ്ടിൽ എത്തിയത്. ഇതോടെയാണ് താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയെന്ന തീരുമാനത്തിൽ എത്തിയത്.