ടി20 ലോകകപ്പ് നടക്കുക ഏറെക്കുറെ അസാധ്യം, മത്സര പരിചയമില്ലാതെ വലിയ ടൂര്‍ണ്ണമെന്റ് താരങ്ങള്‍ക്ക് കളിക്കുക പ്രയാസം

Sports Correspondent

ഇപ്പോളത്തെ സാഹചര്യം മാറി ക്രിക്കറ്റ് പുനരാരംഭിക്കുവാന്‍ സമയം എടുക്കുകയാണെങ്കില്‍ ടി20 ലോകകപ്പ് നടന്നേക്കില്ലെന്ന് പറഞ്ഞ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍. 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയിലാണ് നടക്കേണ്ടത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാറി ടൂര്‍ണ്ണമന്റ് നടക്കുക ഇപ്പോള്‍ അസാധ്യമാണെന്ന് ധമാല്‍ പറഞ്ഞു.

ഇത് കൂടാതെ ടൂര്‍ണ്ണമെന്റ് നടന്നാല്‍ തന്നെ ഇത്തരം വലിയൊരു ടൂര്‍ണ്ണമെന്റിലേക്ക് മത്സര പരിചയമില്ലാതെ താരങ്ങള്‍ നേരിട്ട് കളിക്കാനിടയായാല്‍ അതവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ധമാല്‍ പറഞ്ഞു. ബോര്‍ഡുകളാവും ഇതില്‍ ഒരു തീരുമാനം എടുക്കേണ്ടതും താരങ്ങള്‍ ആവശ്യത്തിന് പരിശീലനമില്ലാതെ കളിക്കുമോ എന്നത് വേറെ കാര്യമാണെന്നും ധമാല്‍ വ്യക്തമാക്കി.