സ്കൈ ഈസ് ദി മാന്‍!!! വിജയം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന് പ്രതീക്ഷ

Sports Correspondent

യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ 8ൽ കടന്നു.

ഇന്ത്യ

ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും അലി ഖാന്‍ 18 റൺസ് നേടിയ പന്തിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു.

സൂര്യകുമാര്‍ യാദവും ശിവം ദുബേയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിനരികിലേക്ക് എത്തിച്ചു. ഓവറുകള്‍ ആരംഭിയ്ക്കുവാന്‍ വൈകുന്നത് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോള്‍ 5 പെനാള്‍ട്ടി റൺസും യുഎസ്എയ്ക്കെതിരെ ചുമത്തി.

സ്കൈ 50 റൺസും ശിവം ദുബേ 31 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്.